കണ്ണൂര്‍: കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയും സുഹൃത്തും ഇടിമിന്നലേറ്റ് മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കര കിഴക്കേ വളപ്പില്‍ മഹമൂദ്- ഷാഹിദ ദമ്പതികളുടെ മകന് ഫഹദ് (17), പൂക്കോം മൊട്ടമ്മലില്‍ റഹിം-നൈഫീല ദമ്പതികളുടെ മകന് സെമീന്‍ (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൊച്ചിയങ്ങാടി തട്ടാന്‍ കണ്ടി താഴെ പ്രദേശത്ത് വയലില്‍ കൂട്ടുക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച ശേഷം രണ്ട് പേരും വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴാണ് ഇടിമിന്നലേറ്റത്. ഫഹദും സെമീനും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഇരുവരെയും വയലില്‍ വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സെമീന്‍ ചേതാവൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.