ടി.പി വധക്കേസ് പ്രതി ഷാഫിയുടെ വീട്ടില്‍ നിന്ന് പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ കണ്ടെത്തി
കോഴിക്കോട്:ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് പൊലീസ് യൂണിഫോമിന്റെ ഭാഗമായ സ്റ്റാര്‍ കണ്ടെത്തി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് സ്റ്റാര്‍ കണ്ടെത്തിയത്. പൊലീസ് വേഷത്തില്‍ ഷാഫി അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിരുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
ലാപ്ടോപും വിലപ്പെട്ട മറ്റുരേഖകളും ഷാഫിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴാം തിയതി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് നല്കി. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടിസുനിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്ജുന് ആയങ്കിയെ കൂട്ടിയാണ് കസ്റ്റംസ് റെയ്ഡിനെത്തിയത്. പുറത്ത് വാഹനത്തിലിരുന്ന അര്‍ജുനെ റെയ്ഡിനിടെ കസ്റ്റംസ് ഷാഫിയുടെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്ജുന് ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.