വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഡ്രൈവറെ പിരിച്ചുവിടാനുള്ള എൽഡിഎഫ് ഭരണ സമിതി തീരുമാനത്തിന് സ്റ്റേ
വലിയപറമ്പ: വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഡ്രൈവറായിരുന്ന ടി സജീവനെ പിരിച്ചുവിടാനുള്ള എൽഡിഎഫ് ഭരണ സമിതി തീരുമാനത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ സ്റ്റേ ചെയ്ത് ഉത്തരവിറക്കി. 2021 ജൂൺ 28 ന് ചേർന്ന ഭരണസമിതി തീരുമാനത്തിൽ യുഡിഎഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഭരണ സമിതി തീരുമാനത്തിനെതിരെ ഡ്രൈവറായിരുന്ന സജീവൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ഭരണസമിതി ഉത്തരവിന് സ്റ്റേ വാങ്ങുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും മറ്റൊരാളെ നിയമിക്കരുതെന്നും ഉത്തരവിൽ പറയുന്നു. 2011 ൽ കെ.സിന്ധു പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലയളവിലാണ് സജീവനെ ഡ്രൈവർ ആയി നിയമിച്ചത്. ശേഷം വന്ന സിപിഎം നേതൃത്വത്തിലുള്ള പി ശ്യാമള പ്രസിഡൻറ് ആയപ്പോഴും ശേഷം വന്ന എം ടി ജബ്ബാർ പ്രസിഡൻറ് ആയപ്പോഴും ഇപ്പോഴത്തെ പ്രസിഡണ്ട് ആയ സജീവൻ വി.വിയുടെ കൂടെ 7 മാസവും ഡ്രൈവറായി ഉണ്ടായത് കെ.സജീവൻ തന്നെയായിരുന്നു. എന്നാൽ സിപിഎം പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് സജീവനെ മാറ്റി ഡി വൈ എഫ് ഐ പ്രവർത്തകനെ ഡ്രൈവറായി നിയമിച്ചതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. കഴിഞ്ഞ ഭരണസമിതി കാലത്ത് കന്നുവീട്കടപ്പുറം ഹോമിയോ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ മാറ്റാതെ യു ഡി എഫ് മാനുഷിക പരിഗണന നൽകിയെങ്കിലും ആ സമീപനം എൽ ഡി എഫ് കാണിച്ചില്ല എന്നും യുഡിഎഫ് ആരോപിക്കുന്നു. സിപിഎം അധികാര രാഷ്ട്രീയത്തിന്റെ മറവിൽ ചെയ്യുന്ന ഹീനമായ നടപടി അപലപനീയമാണെന്നും നിയമം അവർക്ക് നൽകിയ താക്കീതാണ് സ്റ്റേ എന്നും യുഡിഎഫ് മെമ്പർമാരായ എം അബ്ദുൽ സലാം, സി ദേവരാജൻ, എം.ടി ബുഷ്റ, ഹസീന ടീച്ചർ,താജുനിസ എന്നിവർ സംയുക്തമായ പ്രസ്താവനയിൽ പറഞ്ഞു. ഡ്രൈവറെ നീക്കം ചെയ്ത നടപടിയിൽ വലിയ പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു