നാടിനൊപ്പം വളര്‍ന്ന സഹകരണ സംഘങ്ങള്‍ക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗീകാരം. 2019-20വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളില്‍ ആദ്യം രണ്ടു സ്ഥാനങ്ങളും ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക്. പനത്തടി സര്‍വീസ് സഹകരണ ബാങ്കിനാണ് ഒന്നാം സ്ഥാനം. മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് രണ്ടാം സ്ഥാനവും കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് നാലാം സ്ഥാനവും നേടി. അന്തര്‍ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്താണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
സഹകരണ വകുപ്പിന് കീഴിലെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, വനിതാ സംഘങ്ങള്‍, പലവക സംഘങ്ങള്‍, വിദ്യാഭ്യാസ സംഘങ്ങള്‍, ആശുപത്രി സംഘങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച സഹകരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.
സ്ഥാപനങ്ങളുടെ ആകെ പ്രവര്‍ത്തനങ്ങള്‍ പ്രകാരമാണ് മൂല്യ നിര്‍ണയം നടത്തിയത്. സാമൂഹ്യ സുരക്ഷ, കാര്‍ഷികം, ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം മൂല്യനിര്‍ണയ ഘടകങ്ങളായിരുന്നു.
ഉദുമ വനിതാ സഹകരണ സംഘം ഈ വിഭാഗത്തിലും മുളിയാര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം പലവക സംഘങ്ങളുടെ വിഭാഗത്തിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി.