കേരളത്തിന്റെവികസനത്തിന് എതിര് നില്ക്കാന് നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമി;എ.എ. റഹീം
കൊച്ചി:കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നില്‍ക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം.
അതിവേഗ കെ. റെയിലിനെ എതിര്‍ത്ത് കേരളത്തെ പുറകോട്ട് അടിപ്പിക്കാനുള്ള വലതുപക്ഷക്കാരുടെ സംഘടിത ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ചില ശക്തികള്‍ കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനത്തിനും എതിരാണ്. അതിന് നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. അവര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. അവരും പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘങ്ങളുമാണ് അതിവേഗ റെയിലിനെ എതിര്‍ക്കുന്നതെന്നും എ.എ. റഹീ പറഞ്ഞു.
കീഴാറ്റൂരില്‍ സുരേഷ് ഗോപി ഉള്‍പ്പെടെ സമരത്തിനെത്തിയത് ഓര്‍ക്കണം. അവിടെ ബി.ജെ.പിയും ഇത്തരം സംഘടനകളും ഒന്നിക്കാന്‍ ഒരു പ്രശ്നവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പരിസ്ഥതി ആഘാതപഠനം നടത്താന്‍ സംസ്ഥാനത്ത് ഏജന്‍സികളുണ്ട്. അവരുടെ പഠന റിപ്പോര്‍ട്ട് പരിശോധിച്ചാണ് സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമില്ലെന്ന് ഉറപ്പായാല്‍ പദ്ധതി നടപ്പാക്കാം,’ റഹീം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ സഹയാത്രികരും പരിസ്ഥിതിവാദികളും കെ. റെയിലിനെ എതിര്‍ക്കുന്നില്ലേ എന്ന ചോദ്യത്തിന്, ആരൊക്കെയുണ്ടങ്കിലും ജമാഅത്തെ ഇസ്ലാമിയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും റഹീം മറുപടി പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീധന വിരുദ്ധ ക്യാമ്പയിന് ശക്തമാക്കുമെന്നും എ.എ. റഹീം പറഞ്ഞു. ജൂലൈ 10 മുതല്‍ 20 വരെ ക്യാമ്പയിന് നടത്തുമെന്നും ജൂലൈ 15 മുതല്‍ 20 വരെ യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില- പാചകവാതക വില വര്‍ധനവിനെതിരെ ജൂലൈ ആറിന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐ. സമരം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.