സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
തൃശൂർ: പ്രശസ്ത ചലച്ചിത്ര സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും, ഛായാഗ്രാഹകനുമായ ആന്റണി ഈസ്റ്റ്മാൻ (75) അന്തരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.തൃശൂർ കുന്നംകുളം ചൊവ്വന്നൂരിലെ മുരിങ്ങാശേരി കുര്യാക്കോസിന്റെയും മാർത്തയുടെയും മകനായി 1946 ഓഗസ്റ്റ് 26നാണ് ജനനം. ചൊവ്വന്നൂർ സെന്റ്.തോമസ് സ്കൂൾ, കുന്നംകുളം ഗവ.ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തി. അറുപതുകളിൽ എറണാകുളത്ത് ഈസ്റ്റ്മാൻ എന്നപേരിൽ സ്റ്റുഡിയോ തുടങ്ങി ഫോട്ടോഗ്രാഫറായി ജീവിതമാരംഭിച്ച ആന്റണി പത്രങ്ങൾക്കും പിന്നീട് വാരികകൾക്കും അതിന് ശേഷം ചലച്ചിത്ര മേഖലയിലുളളവർക്കും ചിത്രമെടുത്തു. അന്നുമുതൽ അദ്ദേഹം ആന്റണി ഈസ്റ്റ്മാനായി.പിന്നീട് നിശ്ചല ഛായാഗ്രാഹണത്തിൽ പുതിയ തലങ്ങൾ ആവിഷ്കരിച്ച അദ്ദേഹം വൈകാതെ ചലച്ചിത്ര മേഖലയിലെത്തി. 1979ൽ കോടമ്പാക്കത്ത് നിന്നും അദ്ദേഹം കണ്ടെത്തിയ വിജയലക്ഷ്മിയാണ് 1981ൽ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സിൽക്ക് സ്മിത. സംഗീത സംവിധായകൻ ജോൺസൺ ഉൾപ്പടെ പലരെയും സിനിമാ മേഖലയിലേക്ക് കൊണ്ടുവന്നത് ആന്റണി ഈസ്റ്റ്മാനാണ്.വർണത്തേര്, മൃദുല, ഐസ്ക്രീം, അമ്പട ഞാനേ, വയൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആന്റണി ഈസ്റ്റ്മാനാണ്. ഈ ലോകം ഇവിടെ കുറേ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്ക്രീം, തസ്ക്കരവീരൻ, ക്ളൈമാക്സ് എന്നീ ചിത്രങ്ങൾക്ക് കഥയും മൃദുല എന്ന ചിത്രത്തിന് തിരക്കഥയുമെഴുതി.തിരക്കഥാകൃത്ത് ജോൺപോളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആന്റണി ഈസ്റ്റ്മാന്റെ മരണവാർത്ത അറിയിച്ചത്. സംസ്കാരം പിന്നീട് നടത്തും.