അഭിമുഖത്തിനിടെ പ്രകോപിതയായി; അവതാരകന്റെ മൈക്ക് പിടിച്ചുവാങ്ങി, ക്യാമറ തട്ടിമാറ്റി നിമിഷ ഫാത്തിമയുടെ അമ്മ
തിരുവനന്തപുരം: അഭിമുഖത്തിനിടെ അവതാരകന്റെ മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി ഐസിസിൽ ചേർന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ‘വ്യൂ പോയിന്റ്’ എന്ന ഓൺലൈനിന്റെ അഭിമുഖത്തിനിടെയാണ് സംഭവം. അവതാരകന്റെ പ്രകോപനപരമായ ചില പരാമർശങ്ങളാണ് സംഭവങ്ങൾക്ക് കാരണം.’നിമിഷ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവച്ചു കൊല്ലണമെന്ന തീരുമാനമാണ് എടുക്കേണ്ടതെന്ന് ഈ അമ്മയുടെ മുന്നിൽവച്ചുതന്നെ പറയുന്നു.ലോകമനസാക്ഷി എതെങ്കിലും ഒരമ്മയുടെ കണ്ണീരും സങ്കടവും കണ്ട് സന്തോഷിച്ചിട്ടുണ്ടെങ്കിൽ അത് ഈ അമ്മയുടേത് തന്നെയാണ്. കാരണം ഇപ്പോഴും ആ വാദപ്രതിവാദത്തിൽ തന്നെ നിൽക്കുന്നു.ഒരു സൈനികന്റെ അമ്മയെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം ഒരു തീവ്രവാദിനിയുടെ അമ്മയാണ്, അവരെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് പറയുന്നത്.’- എന്നാണ് അവതാരകൻ പറഞ്ഞത്. ഇതുകേട്ട് പ്രകോപിതയായ ബിന്ദു മൈക്ക് പിടിച്ചുവാങ്ങാൻ നോക്കുന്നതും, ക്യാമറ തട്ടിമാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ്.ഐസിസിൽ ചേർന്ന മലയാളി യുവതികളെ ഡീപോര്ട്ട് ചെയ്യാമെന്ന് അഫ്ഗാന് സര്ക്കാര് അറിയിച്ചിട്ടും അവരെ തിരികെ കൊണ്ടുവരേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്ര സര്ക്കാര്. അഫ്ഗാന്റെ തീരുമാനമറിഞ്ഞതിന് പിന്നാലെ സർക്കാർ സുരക്ഷ ഏജൻസികളുടെ അഭിപ്രായം തേടിയിരുന്നു. ചാവേർ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുള്ളവരാണ് സംഘത്തിലുള്ള എല്ലാവരുമെന്നും, അതിനാൽ ഇവരുടെ മടക്കം വലിയ ഭീഷണിയാകും എന്ന റിപ്പോർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയത്.അതേസമയം മകളെയും പേരക്കുട്ടിയേയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരിക്കുകയാണ്.2016 ജൂലായിലാണ് ആറ്റുകാൽ സ്വദേശി നിമിഷയെ കാണാനില്ലെന്ന് കാണിച്ച് ഇവർ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനൊപ്പം മതപരിവർത്തനം നടത്തി ഫാത്തിമയെന്ന പേരിൽ ഐസിസിൽ ചേരാൻ നിമിഷ പോയതായി സ്ഥിരീകരിച്ചത്.