വയനാട്: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെ സസ്പെൻഡ് ചെയ്തു . ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം തോണിക്കരയാണ് നടപടി പ്രഖ്യാപിച്ചത്. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകാനും തീരുമാനമായിട്ടുണ്ട്. ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ് പാമ്പുകടിയേറ്റ് കഴിഞ്ഞ ദിവസം മരിച്ചത്.
അതിനിട പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകർക്ക് നേരെ ഒരു സംഘം നാട്ടുകാർ കയ്യേറ്റത്തിന് ശ്രമിച്ചു. സ്റ്റാഫ് റൂമിന്റെ വാതിൽപൂട്ട് കല്ലുകൊണ്ട് തല്ലിത്തകർത്ത ഒരു സംഘം നാട്ടുകാരാണ് അകത്ത് കയറിയത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ അനാസ്ഥ കാണിച്ച അധ്യാപകൻ മുറിയ്ക്ക് അകത്തുണ്ടെന്ന് പറഞ്ഞായിരുന്നു നാട്ടുകാർ പൂട്ട് തകർത്ത് അകത്ത് കയറിയത്. ഈ അധ്യാപകൻ പിൻവാതിൽ വഴി ഓടിയെന്ന് നാട്ടുകാർ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്നും കുട്ടികള്‍ പറഞ്ഞു. ആദ്യ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു.