കാസര്‍കോട്: തട്ടിപ്പിനിരയായ ഉമ്മയുടെ ജീവന് രക്ഷിക്കാന്‍ ബഹുജന മാര്‍ച്ച് നടത്തുമെന്ന് പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. നായന്മാര്മൂല പടിഞ്ഞാര്‍മൂല ബാഫഖി നഗറില്‍ താമസിക്കുന്ന ബീഫാത്തിമ ഉമ്മ, തന്റെയും കുടുംബത്തിന്റെയും മുഴുവന്‍ സമ്പാദ്യവും സ്വര്‍ണ്ണവും എല്ലാം വിറ്റ് കിടന്നുറങ്ങാന്‍ ഭൂമിയും വീടും സ്വപ്നം കണ്ട് 20 ലക്ഷം രൂപ ഭൂമിക്കും വീടിനും വില കൊടുത്ത് വാങ്ങി ഈ വീട്ടില്‍ താമസം ആരംഭിച്ചപ്പോള്‍ 20 ലക്ഷം രൂപ കൈപറ്റിയ ആള് തന്നെ വീടിന്റെ കറന്റ് വിച്ഛേദിക്കുകയും ഈ ഉമ്മയെയും കുടുംബത്തെയും വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കാനും വീട്ടുപകരണങ്ങള്‍ തകര്‍ക്കാനും ശ്രമിച്ചു.
ഉമ്മ ഹോസ്പിറ്റലിലെങ്ങാനും പോയാല്‍ വീട് പൂട്ടാനുള്ള ശ്രമമാണ് നടന്നുവരുന്നത്. അതുകൊണ്ട് ഉമ്മ പുറത്തിറങ്ങാതെ ഭയവിഹ്വലരായി കഴിയുകയാണ്. ഇതിനെതിരെ എസ്ഐ, സിഐ, ഡിവൈഎസ്പി, എസ്പി, വനിതാ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് തുടങ്ങിയവര്‍ക്കെല്ലാം പരാതി കൊടുത്തു. എന്നിട്ടും ഇവര്‍ക്കെതിരെയുള്ള ഭീഷണി തുടരുന്നു.
ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്ത ഈ ഉമ്മയുടെയും കുടുംബത്തിന്റെയും ജീവന് രക്ഷിക്കാനും 20 ലക്ഷം രൂപ വാങ്ങി വീട് രജിസ്റ്റര്‍ ചെയ്ത് കൊടുക്കാത്ത വീട്ടുടമസ്ഥന്റെ അക്രമത്തില്‍ നിന്ന് ഈ കുടുംബത്തെ രക്ഷിക്കുവാനും പ്രശ്ന പരിഹാരത്തിന് വേണ്ടി ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പൈസ വാങ്ങി വഞ്ചിച്ചവരുടെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
സമാനമായ നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് പിഡിപി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. ഈ വ്യക്തികളുടെ മുഴുവന്‍ സാമ്പത്തിക ഉറവിടവും അന്വേഷണവിധേയമാക്കുകയും എവിടെയെല്ലാം സമാനമായ തട്ടിപ്പുകള്‍ നടത്തിയെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയും വേണം. വിദ്യാഭ്യാസവും ലോക പരിചയവും നിയമകാര്യങ്ങളിലും അറിവില്ലാത്ത പാവപ്പെട്ട ഉമ്മമാരില്‍ നിന്ന് വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്കി പണം കൈപ്പറ്റിയ ശേഷം, പണം നല്‍കിയതിന് തെളിവെവിടെ? എന്ന് ചോദിക്കുന്നതാണ് ഇവരുടെ തട്ടിപ്പിന്റെ രീതി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക സംഘടനകളും ഈ കുടുംബത്തിന്റെ ജീവന് രക്ഷിക്കാന്‍ ഇടപ്പെടണമെന്ന് പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അജിത് കുമാര്‍ ആസാദ്, ബഷീര്‍ കുഞ്ചത്തൂര്‍, സുബൈര്‍ പടുപ്പ്, മൊയ്തു ബേക്കല്‍, ഷാഫി ഹാജി അഡൂര്‍, ഷാഫി സുഹ്രി പടുപ്പ്, യൂനുസ് തളങ്കര, ഷാഫി കളനാട്, ജാസി പൊസോട്ട്, കെ.പി മുഹമ്മദ് ഉപ്പള, ഇബ്രാഹിം കോളിയടുക്കം, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, അബ്ദുല്ല ഊജംതോടി, ഷംസു ബദിയടുക്ക, അഷ്റഫ് കുബഡാജെ, സിദ്ദിഖ് മഞ്ചത്തടുക്ക തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പിഡിപി നേതാക്കള്‍ ഉമ്മയുടെ വീട് സന്ദര്‍ശിച്ചു.