ന്യൂഡല്‍ഹി : ശബരിമല കേസ് രണ്ട് മാസത്തേയ്ക്ക് മാറ്റി വെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം, കേരളത്തിനെതിരെ രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി.
ശബരിമല പ്രത്യേക നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കിടെ കേരളത്തിനെതിരെ അതിശക്തമായ വിമര്‍ശനമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്. സുഭാഷ് റെഡ്ഡി, ബി ആര്. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ച് രണ്ടു ഘട്ടമായാണ് വാദം കേട്ടത്.
കേസ് രണ്ടു മാസത്തേക്ക് മാറ്റിവയ്ക്കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പുതിയ തന്ത്രിയെക്കൂടി കക്ഷി ചേര്‍ക്കാന്‍ സമയം വേണമെന്നു ഹര്‍ജിക്കാരനായ രേവതി തിരുനാള്‍ രാമവര്‍മയ്ക്കു വേണ്ടി ഹാജരായ കെ. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. രണ്ടും കോടതി അംഗീകരിച്ചില്ല. കേസ് 100 വര്‍ഷം മാറ്റിവയ്ക്കണോ എന്ന് ജസ്റ്റിസ് രമണ ചോദിച്ചു. അതു കഴിഞ്ഞാലും കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവരില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച കരടുനിയമത്തിലെ 33% വനിതാസംവരണത്തെക്കുറിച്ചു കോടതി സംശയം പ്രകടിപ്പിച്ചപ്പോള്‍, 50 വയസ്സില്‍ കൂടുതലുള്ളവരെ മാത്രമേ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താവൂ എന്ന് സര്‍ക്കാരിനോട് പറയാമെന്ന് അഭിഭാഷകന് അറിയിച്ചു.