കാസർകോട്:സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതായി കാസർകോട് ജില്ല. പല മേഖലകളിൽ നിന്ന് കണ്ടെത്തി ജില്ലയിലെ 1174.97 ഹെക്ടർ തരിശു നിലമാണ് കൃഷിയോഗ്യമാക്കിയത്. ഇതിൽ 560.39 ഹെക്ടറിൽ നെൽ കൃഷിയും 360.3 ഹെക്ടറിൽ മരച്ചീനിയും 193.887 ഹെക്ടറിൽ പച്ചക്കറിയും 38.5 ഹെക്ടറിൽ വാഴയും മറ്റ് ഫല വർഗങ്ങളും 15.4 ഹെക്ടറിൽ പയറു വർഗങ്ങളും കൃഷിയിറക്കി. 6.5 ഹെക്ടറിൽ ചെറു ധാന്യങ്ങൾ കൃഷി ചെയ്തത് പുതിയ കാൽവെപ്പായി. കോവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്ത് ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി വിവിധ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതാണ് സുഭിക്ഷ കേരളം പദ്ധതി.
സുഭിക്ഷ കേരളത്തിൽ കൂടുതൽ ഭൂമി കൃഷി യോഗ്യമാക്കിയ കാഞ്ഞങ്ങാട് ബ്ലോക്കാണ് ജില്ലയിൽ ഒന്നാം സ്ഥാനക്കാർ. 308.40 ഹെക്ടർ തരിശു ഭൂമിയിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് കൃഷിയിറക്കിയത്. 227.94 ഹെക്ടർ തരിശു സ്ഥലത്ത് കൃഷിറക്കി പരപ്പയും 152.5 ഹെക്ടറുമായി നീലേശ്വരവുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ. കാറഡുക്ക ബ്ലോക്കിൽ 255 ഹെക്ടർ തരിശ് ഭൂമിയിലും കാസർകോട് ബ്ലോക്കിൽ 139.15 ഹെക്ടർ തരിശ് ഭൂമിയിലും മഞ്ചേശ്വരം ബ്ലോക്കിൽ 91.98 ഹെക്ടർ തരിശ് ഭൂമിയിലും കൃഷിയിറക്കി. കൃഷി വകുപ്പിനും പഞ്ചായത്ത് ഭരണസമിതികൾക്കും ഒപ്പം യുവാക്കളും സംഘടനകളും നാട് മുഴുവനും ഒന്നിച്ച് നിന്നപ്പോൾ സുഭിക്ഷ കേരളം ജില്ലയിൽ ജനകീയ യജ്ഞമായി.
ഭക്ഷ്യധാന്യ ഉൽപാദനവും സാമ്പത്തിക നേട്ടവും
ജില്ലയിൽ സുഭിക്ഷ കേരളത്തിന്റെ ഭാഗമായത് കർഷകർ മാത്രമായിരുന്നില്ല. തരിശിട്ട കൃഷി സ്ഥലം കൃഷി യോഗ്യമാക്കുന്നതിനുള്ള യജ്ഞത്തിൽ യുവജന ക്ലബ്ബുകളും സംഘടനകളും സ്വാശ്രയ സംഘങ്ങളും രാഷ്ട്രീയ പാർട്ടികളും കാർഷിക സംഘടനകളും സർവ്വീസ് സഹകരണ ബാങ്കുകളും പങ്കാളികളായി. കോവിഡിനെ തുടർന്നുണ്ടായ അടച്ചുപൂട്ടൽ ഭക്ഷ്യക്ഷാമം ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയിൽ സംഘ ശക്തിയിൽ ആരംഭിച്ച സുഭിക്ഷ കേരളത്തിലൂടെ 12928.56 ടൺ ഭക്ഷ്യധാന്യമാണ് കാസർകോട്ടുകാർ വിളവെടുത്തത്. ഇതിലൂടെ ഏകദേശം 15 കോടിയുടെ അധിക വരുമാനമുണ്ടാക്കാൻ ജില്ലയ്ക്ക് സാധിച്ചത് വലിയ നേട്ടമാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി പറഞ്ഞു.
കോവിഡിനെ തുടർന്നുണ്ടായ അടച്ചുപൂട്ടലിൽ തൊഴിൽ നഷ്ടപ്പെട്ടവരും പ്രവാസികളും യുവാക്കളും വീട്ടമ്മമാരുമെല്ലാം ഒറ്റക്കെട്ടായി കൃഷിയെ നെഞ്ചേറ്റിയപ്പോൾ ഇവർക്ക് ആവശ്യമായ പരിശീലനം നൽകുവാൻ കൃഷിവകുപ്പും കാർഷിക സർവ്വകലാശാലയും ഒപ്പമുണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കർഷകർക്ക് പരിശീലനം നൽകാനായി വാട്ട്സാപ്പ് ഗ്രൂപ്പുകൾ സജ്ജമാക്കി. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ 94 ക്ലാസുകൾ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി നടന്നു. ബ്ലോക്ക് തലത്തിൽ ആരംഭിച്ച കാർഷിക വിജ്ഞാന കേന്ദ്രത്തിലേക്ക് കാർഷിക സർവകലാശാലയിലെ വിദഗ്ധനെ ചുമതലപ്പെടുത്തിയതും ഓരോ കൃഷിഭവന്റെയും ‘ജൈവഗൃഹ’ത്തോടനുബന്ധിച്ച് നടത്തിയ 246 കൃഷി പാഠശാലകളും കർഷകർക്ക് വഴികാട്ടിയായി.
നടീൽ വസ്തുക്കളുടെ ഉൽപാദനവും വർധിച്ചു
ജില്ലയിലെ കാർഷിക ഉൽപാദനം കൂട്ടുന്നതിനോടൊപ്പം നടീൽ വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കാനും സുഭിക്ഷ കേരളത്തിലൂടെ സാധിച്ചു. കൃഷിഭവൻ തലത്തിൽ കർഷക കൂട്ടായ്മകളെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ വിത്തും നടീൽ വസ്തുക്കളും തുടർകൃഷിയിൽ ഉപയോഗപ്പെടുത്തി. ജില്ലയിൽ വിസ്മൃതിയിലാണ്ടു പോയിരുന്ന ചെറുധാന്യങ്ങളായ ചാമയുടെ 95 കിലോഗ്രാം വിത്തും റാഗിയുടെ 18 കിലോഗ്രാം വിത്തും ഉൽപാദിപ്പിച്ച് വിതരണം നടത്തി. 7870 കിലോഗ്രാം നെൽവിത്തും 1800 കിലോഗ്രാം കൂവ വിത്തും 4000 മീറ്റർ മധുരക്കിഴങ്ങ് വള്ളിയും സുഭിക്ഷ കേരളം കൃഷിയുടെ തുടർഘട്ടത്തിലേക്ക് വഴി തുറന്നു കൊടുത്തു. വിളവെടുപ്പിന് ശേഷം മരച്ചീനി തണ്ടും വാഴക്കന്നുകളും വിതരണത്തിൻ സജ്ജമാക്കും.
തരിശ് കൃഷിയോടൊപ്പം തെങ്ങിൻ തോട്ടത്തിലും കമുകിൻ തോട്ടത്തിലും ഇടവിള കൃഷിയും സുഭിക്ഷ കേരളത്തിലൂടെ സാധ്യമായി. 60 ഹെക്ടറിൽ ഞാലിപ്പൂവൻ, മൈസൂർ പൂവൻ, റോബസ്റ്റ, 18 ഹെക്ടറിൽ ഇഞ്ചി, മഞ്ഞൾ എന്നിവയാണ് ഇടവിളയായി കൃഷി ചെയ്തത്. കൃഷിഭവനിൽ നിന്നും നടീൽ വസ്തുക്കൾ സൗജന്യ നിരക്കിൽ വിതരണം ചെയ്തതിലൂടെ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും കൃഷിയിലേക്ക് കടന്നു വരാൻ സാധിച്ചു.
മഴമറയൊരുക്കിയും ജൈവഗൃഹത്തിലൂടെയും കൃഷി
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി 3810 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മഴ മറയാണ് കാസർകോട് പ്രവർത്തന സജ്ജമായത്. 41 കർഷകരുടെ പുരയിടത്തിൽ തയ്യാറാക്കിയ മഴമറയിലൂടെ മഴക്കാലത്തും പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കും. സംസ്ഥാനതലത്തിൽ ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണം ജില്ലയിലുണ്ടാക്കിയ മാറ്റം ചെറുതല്ല. രണ്ട് ഘട്ടത്തിലായി 4,59,578 ഫലവൃക്ഷത്തൈകളാണ് കൃഷിഭവനുകളിൽ നിന്നും വിതരണം ചെയ്തത്. ജില്ലയിലെ കൃഷി വകുപ്പ് ഫാമുകളിൽ നിന്നും 68,060, കേരള കാർഷിക സർവകലാശാലയിൽ നിന്നും 66,535, വെജിറ്റബിൾ ആൻന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയിൽ നിന്നും 1,76,860, കാർഷിക കർമ്മസേന വഴി 18,180, തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും 15,635, കുടുംബശ്രീയിൽ നിന്നും 2,308, വനംവകുപ്പ് മുഖേന 1,12,000 തൈകളാണ് സുഭിക്ഷ കേരളത്തിന്റെ ഭാഗമായി വിതരണം നടത്തിയത്. മാവ്, സപ്പോട്ട ഗ്രാഫ്റ്റ് തൈകളും പേര ലെയറുകളും ടിഷ്യുകൾച്ചർ വാഴതൈകളും വാഴക്കന്നും മുരിങ്ങ തൈയും കറിവേപ്പില തൈയും പ്ലാവിൻ തൈയും പുളിതൈയും പപ്പായ തൈയും ചാമ്പ തൈകളും പാഷൻ ഫ്രൂട്ട് തൈകളുമാണ് വിതരണം ചെയ്തത്.
സംയോജിത കൃഷി രീതിയുടെ വികസനത്തിനായി സുഭിക്ഷ കേരളത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണ് ജൈവഗൃഹം. അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ് മെന്റ് ഏജൻസി കൃഷിഭവൻ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ വിവിധ കൃഷിഭവനുകളിലൂടെ 746 ജൈവഗൃഹങ്ങളാണ് നടപ്പാക്കിയത്.
സ്മോൾ ഫാർമർ അഗ്രി ബിസിനസ് കൺസോർഷ്യത്തിൽ ജില്ലയിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലെ രണ്ട് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ രജിസ്റ്റർ ചെയ്തു. പരപ്പ ബ്ലോക്കിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനിൽ 10 ഫാർമർ ഇൻസ്റ്റന്റ് ഗ്രൂപ്പുകളിൽ നിന്ന് 300 കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഴ, പച്ചക്കറി, കശുമാവ് എന്നീ ഉൽപ്പന്നങ്ങളാണ് ഇവർ കൃഷി ചെയ്യുന്നത്. 250 ഹെക്ടർ പ്രദേശത്ത് കൃഷി നിലവിലുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്കിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനിൽ 15 ഗ്രൂപ്പുകളാണ് നിലവിലുള്ളത്. ഇവിടെ 250 ൽ അധികം കർഷകർ അംഗങ്ങളായിട്ടുണ്ട്. പച്ചക്കറികളാണ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ കൈകാര്യം ചെയ്യുന്നത്. നിലവിൽ 100 ഹെക്ടർ പ്രദേശത്ത് കൃഷി ചെയ്തു വരുന്നു.