സുനന്ദ പുഷ്കര്‍ കേസ്: ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് 27ലേക്ക് മാറ്റി
ന്യുഡല്‍ഹി: സുനന്ദ പുഷ്കര്‍ മരണക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യത്തില്‍ വിധി പറയുന്നത് ഡല്‍ഹി റോസ് അവന്യൂ കോടതി ജൂലായ് 27ലേക്ക് മാറ്റി. ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന കേസില്‍ പ്രധാന ആരോപണ വിധേയനാണ് ശശി തരൂര്‍.
മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ കേസില്‍ നേരത്തെ ജാമ്യം നേടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 498-എ, 306 പ്രകാരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കുറ്റം ചുമത്തുന്നത് സംബന്ധിച്ച് പ്രോസിക്യുഷനും തരൂരിന്റെ അഭിഭാഷകനും വാദം പൂര്‍ത്തിയാക്കിയിരുന്നു. സുനദ്ദ പുഷ്കര്‍ കടുത്ത മാനസിക പീഡനം ഏറ്റിരുന്നുവെന്നും അത് അവരുടെ ആരോഗ്യത്തെ ദോഷമായി ബാധിച്ചുവെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഇത് ആകസ്മികമായ മരണമല്ലെന്നും വായിലൂടെയോ കുത്തിവയ്പിലൂടെയോ വിഷവസ്തു ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നും പ്രോസിക്യുഷന് പറഞ്ഞു.
എന്നാല്‍ തരൂരിനെതിരായ തെളിവുകള്‍ കൊണ്ടുവരാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കിംവദന്തിയായി പരക്കുന്ന കുത്തിവയ്പ് തീയറി അംഗീകരിക്കാന്‍ കഴിയില്ലെന്നും തരൂരിന്റെ അഭിഭാഷകന് വികാസ് പവാസ് വാദിച്ചു.
2014 ജനുവരി 7നാണ് സുനന്ദ പുഷ്കറെ ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.