പൊലീസ് സല്യൂട്ട് നൽകുന്നില്ല, എന്നെ കാണുമ്പോൾ അവർ തിരിഞ്ഞ് നിൽക്കുന്നു;മേയർ പദവിക്ക് അംഗീകാരം വേണം ഡി ജി പിക്ക് പരാതി നൽകി തൃശൂർ മേയർ
തൃശൂര്‍: പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍. ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസിന്റെ പരാതി. ഇതുസംബന്ധിച്ച് മേയര്‍ ഡി ജി പിക്ക് പരാതി നല്കി.പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തിൽ ഡി ജി പി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡി ഐ ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം.തന്നെ പൊലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണറോടും സ്ഥലം എം എൽ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വർഗീസ് പറയുന്നു. എം കെ വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പേൾ പല പൊലീസുകാരും തിരിഞ്ഞ് നിൽക്കുകയാണ്. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയതെന്ന് എം കെ വർഗീസ് വ്യക്തമാക്കി.