നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയിൽ തിരിച്ചെത്തിക്കണം; ഹർജിയുമായി അമ്മ ബിന്ദു ഹൈക്കോടതിയിൽ
കൊച്ചി: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയിൽ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നിമിഷയുടെ മാതാവ്. ഹേബിയസ് കോർപ്പസ് ഹർജിയാണ് ബിന്ദു മകൾക്കായി കോടതിയിൽ നൽകിയത്. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്, മെറിന് ജേക്കബ്, റഫീല എന്നിവരേയും അവരുടെ മക്കളേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ സുരക്ഷ ഏജൻസികൾക്ക് കടുത്ത എതിർപ്പുണ്ടെന്നാണ് സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ഹർജിയുമായി ബിന്ദു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.അഫ്ഗാനിസ്ഥാൻ ഇവരെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറെന്ന് വ്യക്തമാക്കിയപ്പോൾ സുരക്ഷ ഏജൻസികളുടെ നിലപാട് സർക്കാർ തേടിയിരുന്നു. സംഘത്തിലെ എല്ലാവർക്കും ചാവേർ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ സർക്കാരിനെ അറിയിച്ചത്. സ്വന്തം രാജ്യത്ത് ഐസിസിനായി പ്രവർത്തിക്കാനാണ് ഭീകരസംഘടനയുടെ നേതൃത്വം ഇവർക്ക് അവസാനം നിർദ്ദേശം നൽകിയതെന്നും ഏജൻസികൾ പറയുന്നു. ഇവരുടെ മടക്കം അതിനാൽ വലിയ ഭീഷണിയാകും എന്ന റിപ്പോർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിന് നൽകിയത്.യുവതികളെ കൊണ്ടുവരുന്നതിനെ എതിർക്കുമെന്ന് ബിജെപി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരെയും മടക്കിക്കൊണ്ടു വരുന്ന വിഷയം കോടതിയിൽ എത്തിയാൽ നിയമപരമായി നേരിടാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ വിഷയം നിയമപോരാട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.