ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തട്ടിപ്പ്: ജനറൽ മാനേജർ അടക്കം ഏഴുപ്രതികൾ; മൂന്നുപേർ അറസ്റ്റിൽ
തിരുവല്ല: സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് സിപിരിറ്റുമായി എത്തിയ ടാങ്കർ ലോറികളിൽനിന്ന് 20,687 ലിറ്റർ സ്പിരിറ്റ് മറിച്ചുവിറ്റ സംഭവത്തിൽ ജനറൽ മാനേജർ ഉൾെപ്പടെ ഏഴുപേർക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു. എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം ലോറി ഡ്രൈവർമാരിൽനിന്ന് പിടിച്ചെടുത്ത 10.28 ലക്ഷം രൂപയും പൊലീസിന് കൈമാറി.
ലോറി ഡ്രൈവർമാരായ തൃശൂർ പൊട്ടച്ചിറ കുന്നത്ത് നന്ദകുമാർ, ഇടുക്കി കാവുമ്പാടി വട്ടക്കുന്നേൽ സിജോ തോമസ്, ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റിെൻറ കണക്ക് സൂക്ഷിക്കുന്ന പാണ്ടനാട് മണിവീണയിൽ അരുൺ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സനൽ മാനേജർ ഷഹീം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി, ടാങ്കറിലെത്തിച്ച സ്പിരിറ്റ് മറിച്ചുവിൽക്കാൻ സഹായിച്ച മധ്യപ്രദേശ് ബൈത്തുൾ സ്വദേശി അബു എന്നിവരാണ് പ്രതിപ്പട്ടികയിെല മറ്റ് നാലുപേർ.
മധ്യപ്രദേശിലെ ബർവാഹയിൽനിന്ന് 1.15 ലക്ഷം ലിറ്റർ സ്പിരിറ്റുമായി മൂന്ന് ടാങ്കർ ലോറി ചൊവ്വാഴ്ചയാണ് കേരള അതിർത്തിയിൽ എത്തിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സി.ഐ ടി. അനിൽകുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്ന് സംഘം വാഹനങ്ങളെ പിന്തുടർന്ന് ട്രാവൻകൂർ ഷുഗേഴ്സിൽ എത്തുകയായിരുന്നു. ഇ-ലോക്ക് ഘടിപ്പിച്ചാണ് വാഹനങ്ങൾ മധ്യപ്രദേശിലെ സർക്കാർ ഫാക്ടറിയിൽനിന്ന് പുറപ്പെട്ടത്. എന്നാൽ, ഫാക്ടറിയിൽ എത്തിയശേഷം എക്സൈസ് നടത്തിയ പരിശോധനയിൽ നന്ദകുമാർ, സിജോ തോമസ് എന്നിവർ ഓടിച്ചിരുന്ന രണ്ട് ലോറിയിലെ സ്പിരിറ്റിെൻറ അളവിൽ വ്യത്യാസം കണ്ടെത്തി.
35,000 ലിറ്ററിെൻറ ടാങ്കർ ലോറിയിലെ അളവ് കൃത്യമായതിനാൽ ഇത് കസ്റ്റഡിയിലെടുത്തിട്ടില്ല. അരുൺകുമാറിെൻറ നിർദേശപ്രകാരം മധ്യപ്രദേശിലെ ഫാക്ടറിയിൽനിന്ന് 70 കി.മീ. അകലെ സേന്തുവായിൽ ലോറി നിർത്തിയിടുന്ന സ്ഥലത്ത് അബു എത്തി രണ്ട് വാഹനത്തിൽനിന്ന് സ്പിരിറ്റ് ഊറ്റിയെടുക്കുകയായിരുെന്നന്നാണ് മൊഴി.
ഇ-ലോക്ക് ഘടിപ്പിച്ച വാഹനത്തിനുമുകളിലെ പൂട്ടുകൾ അറുത്തുമാറ്റിയാണ് ആറ് അറയിലായി സൂക്ഷിച്ച സ്പിരിറ്റ് ഊറ്റിയത്. ഇത് വിറ്റ വകയിൽ ലഭിച്ച തുക അരുൺകുമാറിന് കൈമാറാൻ വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നു. നന്ദകുമാറിെൻറ വാഹനത്തിൽനിന്ന് 6.78 ലക്ഷം രൂപയും സിജോയുടെ വാഹനത്തിൽനിന്ന് 3.50 ലക്ഷം രൂപയുമാണ് കണ്ടെടുത്തത്. ഒരുമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് ജവാൻ റം നിർമിക്കാൻ ഇവിടേക്ക് എത്തുന്നത്.
പെർമിറ്റിൽ രേഖപ്പെടുത്തിയ അളവിൽ കുറവാണ് എത്തുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിൽക്കുന്നതിനാൽ പുറത്ത് അറിഞ്ഞിരുന്നില്ല. സമാനരീതിയിൽ തട്ടിപ്പ് മുമ്പും നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പുളിക്കീഴിലെത്തി പ്രതികളെ ചോദ്യം ചെയ്തു.