വിവാഹച്ചടങ്ങിനിടെ 16കാരന് വെടിയേറ്റ് മരിച്ചു; വെടിയേറ്റത് പോയിന്റ് ബ്ലാങ്കില്‍, കൊലപാതകമെന്ന് ആരോപണം
വിവാഹച്ചടങ്ങിനിടെ പതിനാറുകാരന് വെടിയേറ്റ് മരിച്ചു, കൊലപാതകമെന്ന് കുടുംബം. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. പതിനാറുകാരനെ കരുതിക്കൂട്ടി കൊല ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പത്താം ക്ലാസുകാരനായ ധര്‍മേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. പോയിന്റ് ബ്ലാങ്കിലായിരുന്നു പതിനാറുകാരന് വെടിയേറ്റതെന്നും കുടുംബം ആരോപിക്കുന്നു. ആഗ്രയിലെ ഖാന്ദുലി മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം.
സിസിടിവി ഫൂട്ടേജുകളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ഫൂട്ടേജുകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി രാജസ്ഥാനില്‍ നിന്ന് എത്തിയതായിരുന്നു ധര്‍മേന്ദ്ര.
വിരമിച്ച സൈനികന്റെ തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തിരിക്കുന്നത്. ആരോപണ വിധേയനായ പത്തൊമ്പതുകാരനായ വിവേകിന് കാണാനായി കൊടുത്തതായിരുന്നു ഈ തോക്കെന്നാണ് വിവരം. അബദ്ധത്തില്‍ വെടിയുതിര്ത്താവാമെന്നാണ് സംശയം. തോക്കിന്റെ ട്രിഗര്‍ വലിച്ചത് വിവേകാണെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.