തിരുവനന്തപുരത്ത് ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു,കടബാധ്യതയെന്ന് സംശയം
തിരുവനന്തപുരം: ലൈറ്റ് & സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശ് നിര്‍മല്‍ ചന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ടില്‍ നിന്നും കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് സംശയം.
കല്ലമ്പലത്ത് വെച്ചാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്ന് സഹോദരന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മകളുടെ സ്വര്‍ണം വരെ പണയത്തിലായിരുന്നു. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാല്‍ കടയുടെ വാടക നല്കാന് പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ലോക്ക്ഡൗണില്‍ കച്ചവടം ഇല്ലാതായതോടെയാണ് ഇദ്ദേഹം കോഴിക്കോട ബിസിനസിലേക്ക് തിരിഞ്ഞത്. വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചതെന്നും എന്നാല്‍ ഗ്രാമപ്രദേശമായതിനാല്‍ കച്ചവടം കുറവായിരുന്നുവെന്നും സഹോദരന് പറഞ്ഞു. ബിരുദ വിദ്യാര്‍ത്ഥിയായ മകളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം പണയത്തിലാണ്. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും പ്രതിസന്ധിയെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും സഹോദരന് പറഞ്ഞു.
സാമ്പത്തിക പ്രയാസത്തില്‍ പിടിച്ചു നില്ക്കാന് കഴിയാതെയാകാം ആത്മഹത്യയെന്നാണ് നിഗമനം. പ്രതിസന്ധിയെ കുറിച്ച് നിര്‍മല്‍ ചന്ദ്രന് കഴിഞ്ഞ നവംബറില്‍ ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത റിപ്പോര്‍ട്ടില്‍ സംസാരിച്ചിരുന്നു.