യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ഹൈദരാബാദ്: ടെക്കിയായ യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി കൊണ്ടുപോയി കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുപ്പതിയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഭുവനേശ്വരി (27) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭുവനേശ്വരിക്കൊപ്പം കാണാതായ ശ്രീകാന്തിനെ വിജയവാഡയ്ക്കു സമീപത്തു നിന്നാണു പോലീസ് പിടികൂടിയത്. അപ്പാര്‍ട്ട്മെന്റില്‍നിന്നു ശ്രീകാന്ത് സ്യൂട്ട്കേസ് ആയാസപ്പെട്ട് കൊണ്ടുപോകുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതാണു വഴിത്തിരിവായത്. ജൂണ്‍ 23-ന് തിരുപ്പതി റുയ ആശുപത്രിക്കു സമീപം സ്യൂട്ട്കേസില്‍ 90% കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഭുവനേശ്വരിയുടേതാണെന്നു പോലീസ് പറയുന്നു. തുടരന്വേഷണത്തില്‍ ശ്രീകാന്ത് അപ്പാര്‍ട്ട്മെന്റില്‍നിന്നു വലിയ സ്യൂട്ട്കേസുമായി മകള്‍ക്കൊപ്പം തന്റെ കാറില്‍ യാത്ര ചെയ്തിരുന്നതായി ടാക്സി ഡ്രൈവര്‍ പോലീസിനു മൊഴി നല്കി. കുട്ടിയെ കാറിലിരുത്തിയശേഷം സ്യൂട്ട്കേസുമായി പുറത്തിറങ്ങിയ ശ്രീകാന്ത് അതു കത്തിച്ചെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. ഭുവനനേശ്വരിയുടെ ബന്ധുവും സബ് ഇന്‍സ്പെക്ടര്‍ ട്രെയിനിയുമായ മമത നല്കിയ അപ്പാര്‍ട്ട്മെന്റിലെ സി.സി.ടിവി ദൃശ്യങ്ങളാണു ശ്രീകാന്തിനെ കുടുക്കിയത്.