കുറ്റ്യാടിയിലെ പ്രതിഷേധം: കെ.പി കുഞ്ഞമ്മദ്കുട്ടിയെ സി.പി.എം തരംതാഴത്തി
കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചതിന് എം.എല്‍.എയെ സി.പി.എം സംഘടനാതലത്തില്‍ തരംതാഴ്ത്തി. ക.പി കുഞ്ഞമ്മദ്കുട്ടിയെ ആണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ത്ഥി മോഹമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം തെരുവില്‍ പ്രവര്‍ത്തകരുടെ പരസ്യമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സീറ്റ് സിപിഎം തിരിച്ചെടുത്ത് കുഞ്ഞമ്മദ്കുട്ടിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വടകരയില്‍ എല്‍.ജെ.ഡിയും നാദാപുരത്ത് സി.പി.ഐയും കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസും മത്സരിക്ുകന്നതോടെ ജില്ലയില്‍ നിര്‍ണായക സ്വാധീനമുള്ള വടകര താലൂക്കില്‍ പാര്‍ട്ടിക്ക് സീറ്റില്ലാതാകുമെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. പ്രതിഷേധം ശക്തമായതോടെ തീരുമാനം തിരുത്തിയ കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കുകയും സി.പി.എം കുഞ്ഞമ്മദ്കുട്ടിയെ മത്സരിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുടെയും തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. ഈ മാസം 9, 10, തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ ബാലന്, എളമരം കരീം എം.പി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണന് എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണന്, ഏരിയ കമ്മിറ്റി അംഗം എം.കെ മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ഇവര്‍ക്കും ചില ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. തരംതാഴ്ത്തല്‍ ഒഴിവാക്കി പരസ്യശാസന, താക്കീത് എന്നിവയില്‍ ഒതുക്കാനും സാധ്യതയുണ്ട്.