പാന്റ്സിനുള്ളില്‍ സ്വര്‍ണം പൂശി കള്ളക്കടത്ത്, പുതുവഴി പരീക്ഷിച്ച കാസര്‍കോട് സ്വദേശി പിടിയില്‍
കരിപ്പൂര്‍ : സ്വര്‍ണ്ണക്കടത്തിന്റെ പുതുവഴി പരീക്ഷിച്ച യുവാവ് കസ്റ്റംസിന്റെ പിടിയില്‍. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോഴിക്കോട്ടെത്തിയ കാസര്‍കോട് ഉപ്പള സ്വദേശി ഷാഫി (31) ആണ് പിടിയിലായത്.
പാന്റ്സിനുള്ളില്‍ സ്വര്‍ണം പൂശി
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പെയിന്റ് അടിക്കുന്ന രീതിയില്‍ പാന്റ്സിനുള്ളില്‍ തേച്ചുപിടിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പെട്ടെന്നു കാണാതിരിക്കാന്‍ ലൈനിങ് മാതൃകയില്‍ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു.
സ്വര്‍ണം പൂശിയ, 1.3 കിലോഗ്രാം ഭാരമുള്ള പാന്റ്സ് ധരിച്ചെത്തിയ യുവാവിനെ കസ്റ്റംസ് സംഘം കൈയോടെ പൊക്കുകയായിരുന്നു.
ഡിആര്‍ഐക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാന്റ്സില്‍ 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോഗ്രാം സ്വര്‍ണം പൂശിയിട്ടുണ്ടെന്നാണു കരുതുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യാത്രക്കാരന്റെ സാന്നിധ്യത്തില്‍ പാന്റ്സ് കത്തിച്ചാണു സ്വര്‍ണം ഉരുക്കിയെടുക്കുക. എന്നാല്‍, വിദേശത്തുനിന്നെത്തിയ യുവാവിന്റെ ക്വാറന്റീന് പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടികളുണ്ടാകൂ. പാന്റ്സ് കസ്റ്റഡിയിലെടുത്തു.
ക്വാറന്റീന് കഴിഞ്ഞ് ഹാജരാകാന്‍ നോട്ടിസ് നല്കി യാത്രക്കാരനെ വിട്ടയച്ചു.