ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് യുവതി മരിച്ചു; യുവാവിനായി തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവില്‍ ചാലിപ്പുഴയില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് സ്വദേശി ആയിഷയാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അന്‍സാര്‍ എന്ന യുവാവിനായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു യുവതി ഉള്‍പ്പെട്ട സംഘം. ഇവര്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ പെട്ടെന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും ആയിഷയും അന്‍സാറും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. വനമേഖലയില്‍ മഴ പെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം പെട്ടെന്നാണ് ചാലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്.
നീന്തി രക്ഷപ്പെട്ടവര്‍ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടഞ്ചേരി പോലീസും മുക്കം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അന്സാറിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.