താൻ മരിച്ച വിവരം ഉദ്യോഗസ്ഥർ അറിച്ചപ്പോൾ ചന്ദ്രശേഖര ദേശായി ഞെട്ടി, ഇനി ജീവനോടെ പോയി മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റണം
മുംബൈ : ജീവിച്ചിരിക്കേ മരണസര്‍ട്ടിഫിക്കറ്റ് നല്കി താനെ മുന്‍സിപ്പല്‍ കോര്പറേഷന്. താനെ സ്വദേശിയായ ചന്ദ്രശേഖര്‍ ദേശായി (54) എന്നയാള്‍ക്കാണ് മരണസര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ കോര്‍പറേഷന്റെ വിളി വന്നത്. 2020 ഓഗസ്റ്റില്‍ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയിരുന്നു. വീട്ടില്‍ ചികിത്സയിലൂടെ തന്നെ രോഗമുക്തനായി. ക്വാറന്റൈനില്‍ ഇരിക്കേ ആരോഗ്യ വിവരം തിരക്കി കോര്‍പറേഷനില്‍ നിന്ന് വിളി എത്തിയിരുന്നു.
ചൊവ്വാഴ്ച കോര്‍പറേഷനില്‍ നിന്നും വീണ്ടും വിളി വന്നു് ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരിയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീ, ചന്ദ്രശേഖര ദേശായിയുടെ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറായിട്ടുണ്ടെന്നും വന്ന് കൈപ്പറ്റണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ താന്‍ തന്നെയാണ് ചന്ദ്രസശേഖറെന്നും ജീവനോടെയുണ്ടെന്നും അറിയിച്ചതോടെ അവര്‍ അമ്പരന്നു. വീട്ടില്‍ മറ്റാരെങ്കിലും മരണമടഞ്ഞിരുന്നോയെന്നും കോവിഡ് ബാധിച്ചിരുന്നേയെന്നും അവര്‍ ചോദിച്ചുവെന്നും ചന്രദ്ശേഖര് പറയുന്നു. ഗത്കോപറിലെ ഒരു സ്കൂളില്‍ അധ്യാപകനാണ് ചന്ദ്രശേഖര്‍ ദേശായി.
ഫോണ്‍ വന്നതിനു പിന്നാലെ കോര്‍പറേഷനിലെ കോവിഡ് വാര് റൂമിലെത്തി വിവരം ധരിപ്പിച്ചു. എന്നാല്‍ തെറ്റ് സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ല. ഐസിഎംആറിന്റെ പട്ടികയില്‍ പേരുണ്ടെന്നാണ് അവരുടെ വാദം. കോര്പറേഷന് നല്‍കാതെ എങ്ങനെ ഐസിഎംആറിന്റെ പട്ടികയില്‍ പേരുവരുമെന്നാണ് ചന്ദ്രശേഖറിന്റെ ചോദ്യം. തര്‍ക്കത്തിന് ഒടുവില്‍ തെറ്റ് തിരുത്താമെന്ന് അധികൃതര്‍ സമ്മതിച്ചുവെന്നും ചന്ദ്രശേഖര്‍ പറയുന്നു.
മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ സംഭവിച്ച പിഴവാണ് ഇതിനു കാരണമെന്ന് കോര്പറേഷന് അധികൃതര്‍ വ്യക്തമാക്കി.