അയൽക്കാർ ഭാര്യയേയും മകനെയും തട്ടിക്കൊണ്ടുപോയി മതംമാറ്റി; സി പി എം പ്രവർത്തകന്റെ പരാതിയിൽ നിർണായക വഴിത്തിരിവ്, യുവതിയുടെ മൊഴി പുറത്ത്
കോഴിക്കോട്: ഭാര്യയേയും മകനെയും ബലം പ്രയോഗിച്ച് മതം മാറ്റിയെന്ന സി പി എം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പി ടി ഗിൽബർട്ട് നൽകിയ പരാതിയിൽ നിർണായക വഴിത്തിരിവ്. സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറിയതെന്നും, ആരും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നും യുവതി പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ മൊഴി നൽകി.പരാതിക്കാരനായ ഗിൽബർട്ട് യുവതിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും, ഇയാൾക്ക് വേറെ ഭാര്യയും മക്കളുമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. താൻ മതം മാറിയിട്ടില്ലെന്നും, അമ്മയ്ക്കൊപ്പം പോയതാണെന്നും കുട്ടിയും മൊഴി നൽകിയിട്ടുണ്ട്.ഭാര്യ ഷൈനി, പതിമൂന്നുകാരനായ മകൻ എന്നിവരെ ഇസ്ളാം വിശ്വാസികളായ അയൽക്കാർ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ളാം സഭയിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ഗിൽബർട്ടിന്റെ ആരോപണം.അയൽക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവർ ചേർന്നാണ് ഭാര്യയെയും മകനെയും കൊണ്ടുപോയത്. ഇസ്ളാം മതം സ്വീകരിച്ചാൽ സ്വന്തമായി വീടും 25 ലക്ഷം രൂപയും നൽകാമെന്ന ഇവരുടെ വാഗ്ദാനം താൻ നിഷേധിച്ചിരുന്നു. ജൂൺ ഒമ്പതിന് താൻ ജോലിക്കു പോയപ്പോൾ ഇവർ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി എന്നാണ് പരാതിയിൽ പറയുന്നത്.