കൊല്ലത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; പൊലീസ് അന്വേഷണം തുടരുന്നു
കൊല്ലം: അഞ്ചലില്‍ സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ കണ്ടെത്തി. അഗസ്ത്യകോട് സ്വദേശിയായ നാല്‍പ്പത് കാരന്റ മൃതദേഹം പുലര്‍ച്ചെ പ്രഭാത സവാരിക്കായി ഇറങ്ങിയവരാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനമെങ്കിലും മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.
അഞ്ചല്‍ ബൈപാസ് നിര്‍മാണ ജോലികള്‍ നടക്കുന്ന സ്ഥലത്ത് സെന്റ് ജോര്‍ജ് സ്കൂളിന് സമീപമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. നടക്കാനിറങ്ങിയവരില്‍ ചിലരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വിശദ പരിശോധനയില്‍ മരിച്ചയാളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും വാച്ചും സമീപത്ത് നിന്നു തന്നെ കിട്ടി. പിന്നീടാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശി ഉല്ലാസിന്റേതാണ് മൃതദേഹമെന്ന് വ്യക്തമായത്. ബന്ധുക്കളുമായി ചേർന്നാണ് ഉല്ലാസ് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത്.
ആത്മഹത്യ സൂചനകളാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കിട്ടിയതെങ്കിലും പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമെ സ്ഥിരീകരിക്കൂ എന്ന് പൊലീസ് പറഞ്ഞു. കൊലപാതക സാധ്യതയും പരിശോധിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച ഉല്ലാസിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.