കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല;കോവിഡ് മരണത്തില്‍ പ്രവാസികള്‍ക്ക് സഹായം കിട്ടുമോ? ആരോഗ്യ മന്ത്രിയുടെ മറുപടിയിങ്ങനെ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച പ്രവാസികളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കേണ്ടതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ‘മരണം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതല്ല. ഐസിഎംആര്‍എയും ഡബ്ല്യൂഎച്ച്ഒയുടെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് മരണങ്ങള് നിശ്ചയിക്കുന്നത്. ഇതില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചാല്‍ അതു പരിഗണിക്കും. ജനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്’ – മന്ത്രി വ്യക്തമാക്കി.
നഷ്ടപരിഹാരം കിട്ടേണ്ട വ്യക്തിഗത കേസുകള്‍ ഉണ്ടെങ്കില്‍ അത് പരിഗണിക്കാവുന്നതാണ്. മരണപ്പെട്ടവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും ആലോചിക്കും. ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുത്. ഇതിനെ ഒന്നിച്ചാണ് നേരിടേണ്ടത്. ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ വികേന്ദ്രീകരണ സംവിധാനം കൊണ്ടുവന്നത്’ – അവര്‍ ചൂണ്ടിക്കാട്ടി. അതിനിടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരണങ്ങളില്‍ പുനഃപരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു.