ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയും ഔന്നത്യവും ഉടൻ തിരിച്ചുപിടിക്കണമെന്ന് പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് മുൻ സുപ്രീംകോടതി ജഡ്ജ് മദൻ ബി ലോക്കൂറിന്റെ മുന്നറിയിപ്പ്. അതിന് കഴിഞ്ഞില്ലെങ്കിൽ അത് സ്വതന്ത്ര നീതിന്യായ വ്യവസ്ഥ മരണകുഴി തോണ്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതിയുടെ സമീപകാല വിധികളെയും ഭരണപരമായ തീരുമാനങ്ങളെയും വിമർശിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് ലോക്കൂറിന്റെ മുന്നറിയിപ്പ്. നമ്മുടെ ജഡ്ജിമാർ ചില കാര്യങ്ങളിൽ നട്ടെല്ലുള്ളവരെപ്പോലെ തീരുമാനങ്ങളെടുക്കണം.
പ്രത്യേകിച്ച് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ–- അദ്ദേഹം വ്യക്തമാക്കി. വളയാൻ പ്രവണത കാണിക്കുന്ന, ഇഴഞ്ഞു നീങ്ങുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ജനത എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. 2018 ഡിസംബറിലാണ് ജസ്റ്റിസ് ലോക്കൂർ സുപ്രീംകോടതിയിൽനിന്ന് വിരമിച്ചത്.