ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദ്ദനം; ഭര്‍ത്താവും അമ്മയും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസ്
എറണാകുളം: ഗര്‍ഭിണിയായ ഭാര്യയേയും ഭാര്യാപിതാവിനേയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട്? മര്‍ദിച്ച സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് യുവാവിനെതിരെ കേസെടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതിയായ മന്നം തോട്ടത്തിപറമ്പ് ജൗഹര്‍ (29) ഒളിവില്‍ പോയി.
ഭര്‍ത്താവിനെ കൂടാതെ ബന്ധുക്കളായ മൂന്നു പേര്‍ക്കെതിരേയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്ലത്തിനുമാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. ഇവര്‍ വാടകക്ക് താമസിക്കുന്ന തെക്കെ മറിയപ്പടിയില്‍ വച്ചാണ് മര്‍ദനം നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍ മര്‍ദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാല് മാസം ഗര്‍ഭിണിയായ യുവതിയും പിതാവും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു.
കഴിഞ്ഞ നവംബറിലാണ് ആലുവ തുരുത്ത് സ്വദേശിയായ സലിമിന്റെ മകള്‍ നഹ്ലത്തിന്റെയും പറവൂര്‍ മന്നം സ്വദേശി ജൗഹറിന്റെയും വിവാഹം നടന്നത്. വിവാഹ സമയത്ത് 10ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്നാണ് സലീം നല്കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇന്‍സ്പെക്ടര്‍ മൃദുല്‍കുമാര്‍ അറിയിച്ചു.