നാടക കലാകാരന്മാര് കര്‍ഷകര്‍ക്കൊപ്പം;കപ്പവണ്ടി വരവായി
കാസര്‍കോട്:കോവിഡ് കാലത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന കർഷകർക്കൊപ്പം നാടക കലാകാരന്മാരും കൈകോർത്തപ്പോൾ കപ്പവണ്ടി തയ്യാർ. ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ നാടക കലാകാരന്മാരാണ് കപ്പ കർഷകരെ സഹായിക്കാൻ കൃഷി വകുപ്പിനൊപ്പം മുന്നിട്ടിറങ്ങിയത്. ആദ്യദിനം കാസർകോട് കളക്ടറേറ്റ് പരിസരത്തെത്തിയ കപ്പ വണ്ടി എൻ.എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന് ആദ്യവിൽപന നടത്തി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന കർഷകരുടെയും നാടക പ്രവർത്തകരുടെയും കൂട്ടായ്മയിൽ ജനങ്ങളിലേക്ക് കപ്പ വണ്ടി എത്തുമ്പോൾ കപ്പ വാങ്ങി ഈ സംരംഭം ജനങ്ങൾ ഏറ്റെടുക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു.
കഴിഞ്ഞവർഷം സുഭിക്ഷ കേരളം പദ്ധതിയിൽ തരിശായി കിടന്ന 150 ഹെക്ടർ സ്ഥലത്താണ് പുതുതായി കപ്പ കൃഷി ചെയ്ത്. എല്ലാവരും കപ്പ കൃഷി ചെയ്തതോടെ വിപണി കണ്ടെത്താനാകാതെ വന്നതും ലോക്ഡൗണും ജില്ലയിലെ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ഇവരെ സഹായിക്കാനായാണ് നാടക കലാകാരന്മാരും കൃഷി വകുപ്പും കൈകോർത്തത്. കിലോയ്ക്ക് പത്ത് രൂപ നൽകി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന കപ്പ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്കെത്തും. മൂന്ന് ദിവസം കാസർകോട് ഭാഗത്ത് കപ്പവണ്ടി ഉണ്ടാകും. ആദ്യ ദിനം രണ്ട് ടൺ കപ്പയാണ് രണ്ട് വണ്ടികളിലായി വിൽപനക്കെത്തിച്ചത്.വരുംദിനങ്ങളിൽ കപ്പവണ്ടി കൂടുതൽ സ്ഥലങ്ങളിലെത്തും.
ചടങ്ങിൽ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണ റാണി, നാടക് കാസർകോട് ജില്ലാ പ്രസിഡന്റ് റഫീഖ് മണിയങ്ങാനം, സംസ്ഥാന കമ്മിറ്റി അംഗം സുധാകരൻ കാടകം, മേഖല കമ്മിറ്റി പ്രസിഡന്റ് വിജയൻ കാടകം, സെക്രട്ടറി ഉദയൻ കാടകം, നാടകപ്രവർത്തകരായ പ്രമോദ് ബെവിഞ്ച, വിനു നാരായണൻ, ജയൻ കാടകം, ഫഹദ്, രാജേഷ്, മുരളി, സജിത കുമാരി, സുധാ ലക്ഷ്മി, ബേഡഡുക്ക കൃഷി അസിസ്റ്റൻറ് ജയശ്രീ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.