കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയെ ക്യാംപസിലെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ക്യാംപസിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്പില് സുനില്‍ കുമാറിന്റെ മകന് എം.എസ്. ശരത്തിനെയാണ് (22) ഇന്ന് വൈകിട്ട് മൂന്നേകാലോടെ മരിച്ച നിലയില്‍ കണ്ടത്. ക്യാംപസിനകത്തു കൂടെ നടന്നു പോകുന്ന രണ്ടു പേരാണ് ശരത് റോഡരികില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ഉടനെ ഇവര്‍ എടുത്തു അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന്, ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന്‍ തുടങ്ങിയവര്‍ ഉടനെ അത്യാഹിത വിഭാഗത്തിലെത്തി. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.