പോയി മരിക്ക്’, സ്കൂള്‍ ഫീസ് വര്‍ധനയ്ക്കെതിരെ പരാതി പറയാനെത്തിയവരോട് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം
ഭോപ്പാല്‍: സ്കൂള്‍ ഫീസ് വര്‍ധനയ്ക്കെതിരെ പരാതി പറയാനെത്തിയ രക്ഷിതാക്കളുടെ സംഘടനയോട് സ്കൂള്‍ വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിംഗ് പര്‍മാര്‍ നടത്തിയ പ്രതികരണം വിവാദത്തില്‍. ‘പോയി മരിക്ക്.. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യ്’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മന്ത്രിവരെ ഇത്തരത്തിലാണ് പെരുമാറന്നതെങ്കില് തങ്ങള്‍ എവിടെ പരാതി പറയുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.
രക്ഷിതാക്കളോട് മോശമായി പെരുമാറിയ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തയ്യറാകണമെന്നും രക്ഷിതാക്കളുടെ യൂണിയനും മുഖ്യമന്ത്രി പ്രതിപക്ഷമായ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
ഭോപ്പാലിലെ മന്ത്രിയുടെ ഔദ്യോഗിക വസ്തിയിലാണ് നൂറുപേരോളം വരുന്ന രക്ഷിതാക്കളുടെ യൂണിയന് പരാതിയുമായി എത്തിയത്. ഹൈക്കോടതി ഉത്തരവുകള്‍ പോലും ലംഘിച്ചാണ് സ്കൂളുകള്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതെന്നും ഇവര്‍ ആരോപിച്ചു. കോവിഡ് കാലത്ത് സ്കൂളുകള്‍ ട്യുഷന് ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.