പ്രവാസികൾക്ക് തിരിച്ചടി, അന്താരാഷ്ട്ര വിമാനങ്ങൾക്കുളള വിലക്ക് ഒരുമാസത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെതുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. ജൂൺ 30 വരെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോൾ ജൂലായ് 31 വരെയാണ് നീട്ടിയിട്ടുളളത്. 2020 മാർച്ച് മുതൽ ഈ വിലക്ക് നിലവിലുണ്ട്. ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച സർക്കുലറിൽ നിന്ന് ചരക്കു വിമാനങ്ങളെയും ഡി ജി സി എയുടെ പ്രത്യേക അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും ഡി ജി സി എ വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങൾക്ക് പ്രത്യേക അനുമതിയോടുകൂടി സർവീസ് നടത്താൻ സാധിക്കുമായിരുന്നു. അതുകൂടാതെ അതാത് അവസരത്തിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാനങ്ങൾക്കും അനുമതി നൽകിയിരുന്നു.അമേരിക്ക, ബ്രിട്ടൻ, യു എ ഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് തുടങ്ങി 27 ഓളം രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക വിമാനങ്ങൾക്കുളള കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ തമ്മിൽ പ്രത്യേക അനുമതിയോടെ വിമാന സർവീസ് നടത്താവുന്നതാണ്.