തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നല്കി; പിന്നില്‍ ടി.പി കേസ് പ്രതികളെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയ്ക്കും കുടുംബത്തിനും വധഭീഷണി ഉയര്‍ത്തി ഊമക്കത്ത്. കുടുംബത്തെ ഇല്ലാതാക്കുമെന്ന് കാണിച്ചുള്ള ഭീഷണികത്ത് തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലാണ് എത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യമന്ത്രിക്ക് പരാതി നല്കി.
തിരുവഞ്ചൂരിന്റെ പരാതിയില്‍ അടിയന്തര നടപടി വേണമെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണി ഗൗരവമായി എടുത്ത് തിരുവഞ്ചൂരിന് സുരക്ഷ ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജയില്‍ നിയന്ത്രിക്കുന്നത് ഈ പ്രതികളാണ്. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തെ നിയന്ത്രിക്കുന്നത് ഈ പ്രതികള്‍ ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ വരെ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു. എജീസ് ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച ക്രിമിനലുകളെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തിരുവഞ്ചൂരിനെയും ഭാര്യയേയും മക്കളെയും 10 ദിവസത്തിനുള്ളില്‍ വധിക്കുമെന്നാണ് ഭീഷണിക്കത്ത്. ജയിലില്‍ കിടക്കുന്നവരോ പുറത്ത് ജാമ്യത്തിലോ പരോളിലോ ഉള്ള പ്രതികളാണ്. -വി.ഡി സതീശന് കുറ്റപ്പെടുത്തി.
‘നീയെന്റ ജീവിതം കളഞ്ഞു, കല്ത്തുറങ്കലിലാക്കി’ എന്ന് കത്തില്‍ പറയുന്നു. ഇങ്ങനെ വധഭീഷണി മുഴക്കുന്നത് ക്രിമിനലുകല്‍ ആണെന്നും കെ.സുധാകരന് പറഞ്ഞു. സി.പി.എമ്മുമായി ബന്ധമില്ലെന്ന് ഊമക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് തങ്ങളും ആരോപിക്കുന്നില്ല. ടി.പി കേസിലെ പ്രതികള്‍ തന്നെയാണോ എന്ന് ഉറപ്പില്ല. എന്നാല്‍ തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരിക്കേ കല്‍ത്തുറങ്കിലടച്ച പ്രധാന പ്രതികള്‍ ഇവരാണെന്നും സുധാകരന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കേയാണ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ അന്വേഷണ സംഘം സാഹസികമായി പിടികൂടുന്നത്.