സംസ്കൃതി ചെറുകഥാ പുരസ്കാരം സുദീപ് ടി ജോർജിന്
കാഞ്ഞങ്ങാട്: 2020 ലെ വി കോമൻ മാസ്റ്റർ സ്മാരക സംസ്കൃതി ചെറുകഥാപുരസ്കാരം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് പുല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതി പുല്ലൂർ ആണ് യശഃശരീരനായ വി.കോമൻ മാസ്റ്ററുടെ സ്മരണാർത്ഥം ചെറുകഥാപുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 2020 ലെ സംസ്കൃതി ചെറുകഥാപുരസ്കാരത്തിന് സുദീപ്.ടി ജോർജ് രചിച്ച ആര്യാനം വെയ്ജ് എന്ന കഥ തെരഞ്ഞെടുത്തിരിക്കുന്നു. പുരസ്കാരത്തിനായി 85 രചനകളാണ് സമർപ്പിക്കപ്പെട്ടത്. പ്രമേയത്തിലും രചനാകൗശലത്തിലും അതിശയിപ്പിക്കുന്ന നൂതനത്വമാണ് അവാർഡിനായി സമർപ്പിക്കപ്പെട്ട എല്ലാ കഥകളിലും കാണാനായത്. വർത്തമാനകാല ഇന്ത്യൻ സാമൂഹ്യ സാഹചര്യങ്ങളെയും ജാതി വെറിയെയും ദളിത് ജീവിതങ്ങളെയും അതിസൂക്ഷ്മമായ രാഷ്ട്രീയസംവേദന ക്ഷമതയോടെ അടയാളപ്പെടുത്തുന്ന ആര്യാനം വെയ്ജ ശുദ്ധാശദ്ധികളെ പറ്റിയുള്ള കാഴ്ചപ്പാടുകൾ – ശ്രേണീബദ്ധമായ ജാതിഘടനയുമായി എങ്ങിനെ ബന്ധപ്പെട്ടി രിക്കുന്നു എന്ന് അനിതരസാധാരണമായ കൈയടക്കത്തോടെ ആവിഷ്കരിക്കുന്നു. അരികുജീവിതങ്ങളെ കുറിച്ചുള്ള ഉത്കണ്ഠ ഓരോ വായനക്കാരന്റേയും വ്യക്തിപര മായ ഉത്കണ്ഠയായി പരാവർത്തനം ചെയ്യുകയും ശവഘോഷയാത്രകളുടെ ഈ കറുത്ത കാലത്ത് പ്രത്യാശാനിർഭരമായ പ്രതിരോധം തീർക്കുകയും ചെയ്യുന്ന രചനയാണ് ആര്യാനം വെയ്ജ എന്നാണ് അവാർഡ് നിർണയസമിതി അഭിപ്രായപ്പെട്ടത്. സാഹിത്യവിമർശകനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എ.എം ശ്രീധരൻ, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ
.രവീന്ദ്രൻ രാവണീശ്വരം, അധ്യാപകനും സാംസ്കാരികപ്രവർത്തകനുമായ ബാലൻ കുന്നുമ്മൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. 10000 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്കാരജേതാവിന് സമ്മാനിക്കുക. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുന്ന മുറയ്ക്ക് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. അതോടൊപ്പം പ്രമുഖ സഹകാരിയായിരുന്ന വി. രാഘവൻ നായരുടെ സ്മരണാർത്ഥം 1 മുതൽ 9 വരെ ക്ലാസ്സുകളിലെ പഠന മികവിന് ഏർപ്പെടുത്തിയ വിദ്യാഭ്യാസ എൻഡോവ്മെന്റുകളും വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ജൂറി അംഗങ്ങളായ ഡോ. എ.എം ശ്രീധരൻ, സംസ്കൃതി സെക്രട്ടറി സന്തോഷ് വി.വി. ചെറുകഥാപുരസ്കാരനിർണയ സമിതി കൺവീനർ ശശി എ.ടി, അനിൽ പുളിക്കാൽ എന്നിവർ പങ്കെടുത്തു. കണ്ണാങ്കോട്ട്, അശോകൻ