കോഴിക്കോട് നാല് പേര്‍ക്ക് കോവിഡ് ഡെല്‍റ്റ വകഭേദം; കൂടതല്‍ പരിശോധന നടത്തും
കോഴിക്കോട്:അതിവ്യാപനശേഷിയുള്ള കോവിഡ് ഡെൽറ്റ വകഭേദം കോഴിക്കോട് സ്ഥിരീകരിച്ചു. മുക്കം നഗരസഭയിലെ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
മണാശേരിയിൽ മൂന്ന് പേർക്കും തോട്ടത്തിൽ കടവിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 20ന് മുക്കം ഹെൽത്ത് സെൻററിൽ നിന്ന് വിശദപരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം ഇന്നലെയാണ് എത്തിയത്.
ഡെൽറ്റ വൈറസ് സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകൾക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിൻറെ തീരുമാനം.
അതേസമയം കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ കുറയാതെ തുടരുകയാണ്. ചെവ്വാഴ്ച 1197 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
സമ്പർക്കം വഴി 1183 പേർക്കാണ് രോഗം ബാധിച്ചത്. 9507 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 913 പേർ കൂടി രോഗമുക്തി നേടി.
12.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10989 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2058 പേർ ഉൾപ്പടെ 30667 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 672196 പേർ നിരീക്ഷണം പൂർത്തിയാക്കി.