കോവിഡ് ബാധിച്ചുമരിച്ചവരുടെ മൃതദേഹം വീട്ടിലെത്തിക്കാം; ബാങ്ക് നടപടികള്‍ നിര്‍ത്തിവെയ്ക്കണം
മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവര്‍ ബാങ്കുകളില്‍നിന്നെടുത്ത ലോണുകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് ബാധിച്ചു മരിച്ചവര്‍ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്കി.
ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകരുത്. ചില റൂട്ടുകളില്‍ സര്‍വീസ് കുറവുള്ളടത്തു തിരക്കുണ്ടെന്നു പരാതി വന്നിട്ടുണ്ട്. റൂട്ട് കണക്കാക്കി ആവശ്യത്തിനു ബസ് ഓടിക്കാന്‍ കലക്ടര്‍മാര്‍ നടപടി എടുക്കും. ഉറ്റവര്‍ മരിക്കുമ്പോള്‍ മൃതശരീരം ബന്ധുക്കള്‍ക്ക് അടുത്തു കാണാന്‍ സാധിക്കാത്തതു പ്രശ്നമാണ്. പരിമിത മതാചാരം നടത്താനും ബന്ധുക്കള്‍ക്കു കാണാനും സര്‍ക്കാര്‍ അവസരം ഒരുക്കും. ഒരു മണിക്കൂര്‍ സമയം മൃതദേഹം വീട്ടില്‍ വയ്ക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗം മുന്നില്‍ കണ്ട് റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കും. മെഡിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വാക്സീന് വിതരണം വേഗത്തിലാക്കും. ഓഫിസിലും സ്ഥാപനങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. സ്വകാര്യ സ്ഥലങ്ങളില്‍ രോഗവ്യാപനം വേഗത്തിലാണെന്നാണു കാണുന്നത്. ഇത്തരം ഇടങ്ങളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. ഓഫിസിലെ വാതിലുകളും ജനലുകളും തുറന്നിടണം, എസി ഒഴിവാക്കണം. ജനിതക മാറ്റം വന്ന വൈറസാണു നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കണം. സ്ഥാപനങ്ങളില്‍ തിരക്കു പാടില്ല.
രോഗി വീട്ടിലാണ് ക്വാറന്റീനില്‍ ഉള്ളതെങ്കില്‍ വീട്ടിലെ എല്ലാവര്ക്കും ക്വാറന്റീന് ബാധകമാണ്. ഇതു ലംഘിക്കരുത്. ഇക്കാര്യം നേരത്തേ വാര്‍ഡുതല സമിതികളാണു ശ്രദ്ധിച്ചിരുന്നത്. പഴയതുപോലെ കോവിഡ് പ്രോട്ടോകോളിലേക്കു തിരിച്ചുപോകണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടണം. വാര്‍ഡുതല സമിതികള്‍ വീണ്ടും സജീവമാക്കണം. ക്വാറന്റീന് ലംഘിക്കുന്നവരെ നിര്‍ബന്ധിത ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക് അയയ്ക്കേണ്ടിവരും.
ആവശ്യപ്പെട്ട അളവില്‍ വാക്സീന് കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭിച്ചാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്കകം സാമൂഹിക പ്രതിരോധം സാധ്യമാകും. കേന്ദ്ര സര്‍ക്കാര്‍ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്സീന് വിതരണം ചെയ്യപ്പെടുന്നില്ല. മറ്റ് ഏജന്‍സികളില്‍നിന്നാണ് ആശുപത്രികള്‍ ഇപ്പോള്‍ മരുന്നു സ്വീകരിക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ പരിഹരിച്ചാല്‍ സാമൂഹിക പ്രതിരോധം സാധ്യമാകും.
എല്ലാ ജില്ലകളിലും ഹെല്പ് ലൈനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാനസിക സാമൂഹിക പ്രശ്നം അനുഭവിക്കാന്‍ സാധ്യതയുള്ള ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ഇതര സംസ്ഥാന തൊളിലാളികള്‍ എന്നിവര്‍ക്കു പ്രത്യേക സഹായം ലഭ്യമാക്കി. 1056, 04712552056 നമ്പറുകളില്‍ 24 മണിക്കൂറും സഹായം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.