കാഞ്ഞങ്ങാട് : ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വിരുന്നെത്തുന്ന കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രചാരകരാകാന്‍ ഒരുങ്ങുകയാണ് മേലാങ്കോട്ട് എ.സി.കണ്ണന് നായര്‍ സ്മാരക ഗവ.യു.പി.സ്കൂള്‍ കുട്ടികള്‍. കലോത്സവത്തിന് മുന്നോടിയായും ഉദ്ഘാടന ദിനത്തിലും വാദ്യമേളങ്ങള്‍ തീര്‍ക്കാന്‍ മേലാങ്കോട്ട് എ.സി.കണ്ണന് നായര്‍ സ്മാരക സ്കൂളിലെ 60 അംഗ കുട്ടിക്കൂട്ടം തയ്യാറായി കഴിഞ്ഞു. നവബര്‍ 23 ന് കാഞ്ഞങ്ങാടും സമീപ പ്രദേശങ്ങളിലും കുട്ടിക്കൂട്ടം പഞ്ചാരിമേളം തീര്‍ക്കും.കലോത്സവത്തിന്റെ ഉദ്ഘാടന ദിനമായ നവംബര്‍ 28 ന് രാവിലെ ഐങ്ങോത്തെ മുഖ്യ വേദിയിലും ഇവര്‍ താളപ്പെരുക്കത്തിന്റെ വിസ്മയവിരുന്ന് ഒരുക്കും.
നവംബര്‍ 23 ന് ഉച്ചയ്ക്ക് 2.30 ന് ഇക്ബാല്‍ സ്കൂള്‍ പരിസരത്ത് നിന്ന് കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ടിന് തുടക്കമാവും. 3.30 ന് വെള്ളിക്കോത്തും 4.15 ന് കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപവും അഞ്ചുമണിക്ക് മാന്തോപ്പിലും 5.45 ന് നീലേശ്വരത്തും ചെണ്ടമേളം തീര്‍ത്ത ശേഷം 6.30 ന് അതിയാമ്പൂര്
പാര്‍ക്കോയില്‍ സമാപിക്കും. കലോത്സവ പ്രചരണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.
മത്സരിക്കാനായില്ലേലെന്താ
ഇരുപത്തിയെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടില്‍ കലോത്സവമെത്തുമ്പോള്‍ മത്സരവേദികളില്‍ തിളങ്ങാനാവില്ലെന്ന നിരാശ കാരണം മാറി നില്ക്കാനില്ലെന്ന് മേലാങ്കോട്ടെ യുപി സ്കൂള്‍ കുട്ടികള്‍. പതിനെട്ട് വാദ്യങ്ങളില്‍ മുമ്പനായ ചെണ്ടയുടെ താളവട്ടത്തില്‍ വാദ്യവിസ്മയം തീര്‍ക്കാന്‍ പരിശീലനം നേടിയ നാലാം ക്ലാസ് തൊട്ട് ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് കലോത്സവ വിശേഷം നാടെങ്ങും കൊട്ടി അറിയിക്കുക. തായമ്പക വിദഗ്ധന്‍ മടിക്കൈ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തില്‍ മണികണ്ഠ മാരാര്‍ ഉപ്പിലിക്കൈ, മടിക്കൈ ജയകൃഷ്ണമാരാര്‍ , മടിക്കൈ ഹരീഷ് മാരാര്‍ എന്നിവരാണ് ഒരു മാസം കൊണ്ട് താളവട്ടങ്ങളുടെ വെടിക്കെട്ടുകളുതിര്‍ക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചത്. കരിങ്കല്ലില്‍ പുളി വടി കൊണ്ട് കൊട്ടി അധ്യയനത്തിന് മുടക്കം വരുത്താതെ ദിവസവും രാവിലെ 7.30 തൊട്ട് ഒമ്പത് മണി വരെയായിരുന്നു പരിശീലനക്ലാസ്.
നാലാം കാലത്തില്‍ തുടങ്ങി ഇടക്കലാശവും കുഴമറിയലും ഒടുവില്‍ കൊട്ടിക്കലാശവും
പഞ്ചാരിയില്‍ നാലാം കാലത്തില്‍ തുടങ്ങി മേളം അഞ്ചാം കാലത്തിലേക്ക് കടന്ന് ഇടക്കലാശവും കുഴമറിയലും കഴിഞ്ഞ് മേലാങ്കോട്ടെ കുട്ടിക്കൂട്ടം കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നതോടെ കാഴ്ചക്കാരും അറിയാതെ താളം പിടിക്കുമെന്ന് ഉറപ്പാണ്. കുട്ടികളെ മൂന്നായി തിരിച്ച് 20 പേര് വീതം വലംതലയും ഇലത്താളവും വായിക്കും. കൊമ്പും കുഴലും താളമിടുമ്പോള്‍ മേളപ്പന്തിയാവും കലോത്സവ നഗരി.