പാലക്കാട്ഭര്തൃവീട്ടില് യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭര്‍ത്തൃവീട്ടില്‍ ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു മാതാപിതാക്കള്‍ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു.
മാതാപിതാക്കളുടെ പരാതിയിന്മേല് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായിരുന്നതായും പൊലീസിന് ബോധ്യമായി. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്ള തര്‍ക്കങ്ങളാണ് ശ്രുതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. എല്ലാ ആരോപണങ്ങളിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു. ആലത്തുര് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ്
മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നത്. തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന് ശിവന് പറയുന്നു. മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്. ഭര്‍ത്താവ് ശ്രീജിത്ത് പിന്നില്‍ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്. മകള്‍ ഇക്കാര്യം പറഞ്ഞു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ജാതിപറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു എന്നും ശ്രുതിയുടെ മാതാപിതാക്കള്‍ പറയുന്നു.