“കവലകൾ” ചില വ്യക്തിത്വങ്ങളുടെ അസാന്നിധ്യം കൊണ്ട് ശൂന്യമാകുമ്പോൾ.
ലേഖനം ജാസിർ ചെങ്കള
ജനിച്ചാൽ മരണം അനിവാര്യമാണ്, പക്ഷേ കഴിഞ്ഞ മൂന്ന് നാല് വർഷം കൊണ്ട് നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞ വരുടെ മുഖങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ !!! അവരുടെ കുടുംബങ്ങൾക്ക് മാത്രമല്ല നാട്ടിലും ഒരു ശൂന്യത. ചെറിയ കാലം കൊണ്ട് ഇത്രയും ആളുകൾ നമ്മിൽനിന്നും വിട വാങ്ങിയ കാലം ഇതായിരിക്കും എന്നാണ് എന്റെ ചെറിയ അറിവിലുള്ള ഓർമ്മ.
ഏതൊരു നാട്ടിലെയും ‘കവലകൾ’വെറും കച്ചവടസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രമല്ല, ആ നാട്ടിലെ ജനങ്ങൾക്ക് പുറത്തിറങ്ങി നാട്ടു വിശേഷവും കഴിഞ്ഞുപോയ കാലങ്ങൾ അയവിറക്കാനുള്ള സ്ഥലത്തിനപ്പുറം ആ നാട്ടിലെ ഓരോ വ്യക്തിക്കും ഒരു ആത്മബന്ധം കവലയുമായി ഉണ്ടാകും. എന്ത് വിഷമം ഉണ്ടെങ്കിലും കവലയിൽ ഇറങ്ങി നാല് പേരെ കണ്ട് സംസാരിച്ചാൽ മറ്റുള്ളതെല്ലാം മറക്കാൻ പറ്റുന്നു, പ്രായം മറന്ന് സൗഹൃദം പുതുക്കാൻ പറ്റുന്നു…പക്ഷേ ഇപ്പോൾ ഒരു ശൂന്യത കവലകൾ കാണുമ്പോൾ നമുക്ക് അനുഭവപ്പെടുന്നു.
കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനുള്ളിൽ നമ്മുടെ ആരൊക്കെയോ ആയിത്തീർന്ന കുറെ ഒരുപിടി മനുഷ്യർ കവലകളുടെ അടയാളങ്ങളിൽ കാണാൻ ഇല്ല. അവരുടെ ശൂന്യത കൂടുതൽ ആഴത്തിലേക്ക് എത്തിക്കുകയാണ് ഓരോ മരണം സംഭവിക്കുമ്പോഴും .അവസാനം നമ്മളിൽ നിന്നും വിടവാങ്ങിയ ‘ഏരിയാൽ മഹമൂദ് ഹാജി ഇച്ച’
രാവിലെ വന്ന് പത്രം വായിച്ച് ഇരുന്നുള്ള കുശല അന്വേഷണം.. അദ്ദേഹം ചെയ്ത കച്ചവടങ്ങളെ പറ്റിയും പോയ സ്ഥലങ്ങളെ പറ്റിയും വിശദീകരിക്കാൻ ചിരിക്കാതെ യുള്ള തമാശ.. അവസാനം ചെറു പുഞ്ചിരി, എല്ലാം
ഇനി ഓർമ്മകൾ മാത്രം .ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടപോയ ഹനീഫ്ച്ച ,സംസാരം കുറച്ച് പുഞ്ചിരി കൊണ്ട് ബന്ധങ്ങൾ സൂക്ഷിക്കാൻ കഴിഞ്ഞ ഭാഗ്യവാൻ.. ഇങ്ങനെ എത്ര പേർ നമ്മിൽനിന്നും വിട്ടുപോയി..
ജീവിതത്തിൽ ഒരു സ്ഥാനവും അലങ്കരികാതെ ഒരു നാട്ടിലെ എല്ലാവരുടെയും എല്ലാമായി തീർന്ന കെ സി കെ ജീവിച്ചിരിക്കുമ്പോൾ എല്ലാവർക്കും ഒരു പ്രതീക്ഷയായിരുന്നവേങ്കിൽ മരണശേഷം അത് പ്രകാശമായിരുന്നു എന്ന് ഒരു നാട് തിരിച്ചറിഞ്ഞ “സി ബി ചാ”, എന്തൊരു കാര്യത്തിനും മുൻപന്തിയിൽ ഒരു കാവൽക്കാരനെ പോലെ നിന്നുകൊണ്ട് നമ്മെ നയിച്ച നമ്മുടെ “സമദ്ച്ച” ഓർക്കുമ്പോൾ തന്നെ വിങ്ങൽ. എന്നും…. ഈ കവലയുടെ അറിവിൻ തിളക്കം “സി എ മുഹമ്മദ്ച്ച ( മാഷ് മമ്മൻച്ച )”,
പ്രവാസജീവിതം അവസാനിപ്പിച്ച് ചെറിയ കാലം കൊണ്ട് പുതുതലമുറയുടെ സുഹൃത്ത് ആയി മാറിയ “അച്ചാർച്ച മുഹമ്മദ്ച്ച” അസുഖം വന്നു കിടപ്പിലായ അദ്ദേഹത്തെ സന്ദർശിക്കാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് മറ്റെല്ലാം സഹിക്കാം പക്ഷേ, ബാങ്ക് കൊടുക്കുന്ന കേൾക്കുമ്പോൾ പള്ളിയിൽ പോവാൻ പറ്റാത്ത അവസ്ഥ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ആ രംഗം മനസ്സിൽ നിന്നു പോകുന്നില്ല.
ചെങ്കളയിൽ തുടങ്ങാൻ പോകുന്ന ഖുർആൻ കോളേജിന് സ്ഥലം വിട്ടു നൽകി.. വലിയൊരു മാതൃക കാണിച്ച “കൊവ്വൽ മുഹമ്മദ്ച്ച”, കൊവ്വൽ മഹമ്മൂദ്ച്ച, ഇവരുടെ ഓർമ്മകൾ എന്നും നിലനിൽക്കും..
കായിക പ്രേമം കൊണ്ട് ചെറുപ്പക്കാരുടെ കൂട്ടുകാരനായി മാറിയ “മുള്ളേരിയ അമ്മുച്ച”.., എന്റെ കളിക്കൂട്ടുകാരനും സഹപാഠിയും ആയിരുന്ന “റിയാസ്” നടത്തം കൊണ്ട് പോലും ഭൂമിയെ വേദനിപ്പിക്കാത്ത ഭാഗ്യവാൻ. ‘എന്ത് സഹായത്തിനും മറ്റുള്ളവർ വിളിക്കുന്നതിനു മുമ്പ് എത്തുന്ന “കൊവ്വൽ അദ്ലാർച്ച”. സംസാരിക്കാനുള്ള കഴിവ് ഇല്ലെങ്കിലും നടക്കുന്ന കാര്യങ്ങൾ അറിയാനുള്ള കഴിവ്.. ആംഗ്യഭാഷയിൽ കാര്യങ്ങൾ അറിയിച്ചു തരുന്ന “കൊവ്വൽ അദ്ലച്ച “ഇവരൊക്കെ ഇല്ലാത്ത, കവലകൾ ശൂന്യത തന്നെ..
പുഞ്ചിരി കൊണ്ട് മാത്രം കണ്ടിരുന്ന “അടൂർ അസൈനാർച്ച”.. ഒരുകാലത്ത് ചെങ്കള നാലാംമൈൽ പ്രദേശത്തിന്റെ അടയാളം ആയിരുന്ന താജ് ഹോട്ടൽ ഉടമ “താജ് അഹമ്മദ് ഹാജി”. എം എസ എഫ് സംഘടിപ്പിച്ച ഓൾഡ് ഈസ് ഗോൾഡ് പരിപാടിയിൽ ആദരിക്കുമ്പോൾ വിങ്ങിപ്പൊട്ടിയ “കാദർചാന്റെ മമ്മദ്ച്ച “ആ വിങ്ങി പൊട്ടലിൽ ഉണ്ടായിരുന്നു, നാടുമായി ഉണ്ടായ ആദരം.ഏറ്റവും നല്ല കർഷകനും നാട്ടിലെ പ്രസ്ഥാനങ്ങളെ നെഞ്ചിലേറ്റിയ “പോക്കർ ചാന്റെ അദ്ലർച്ച” ഹരിത പ്രസ്ഥാനത്തെ ജീവിതമായി കണ്ട “കുഞ്ഞിപ്പള്ളി സുലൈമാൻച്ച” .കൗമാരം വിടരും മുമ്പ് അസ്തമിച്ച “എ ബി ഹസൈനാർ മോൻ ” പട്ടാള ചിട്ടയുടെ പ്രൗഢിയിൽ ജീവിച്ച “ബദരിയ മഹ്മൂദ്ച്ച”…
സായാഹ്നങ്ങളിൽ പള്ളിയുടെ അരികെ വന്ന് “അബ്ദുല്ലഹാജിച്ച (കുട് അന്തച്ചാ ) “യുടെ കൈകളിൽ നിന്നും..ഉത്തരദേശം വാങ്ങി വായിക്കുന്നത് നാട്ടുകാർക്ക്, പത്രം വായിക്കുന്നതിന് അപ്പുറം അതൊരു ബന്ധം നിലനിർത്തൽ ആണ്.അദ്ദേഹത്തിന്റെ മരണശേഷം ഉത്തരദേശം എന്ന പത്രം തന്നെ നമ്മുടെ പ്രദേശത്ത് നിലച്ച അവസ്ഥയാണ്.
‘അധിക സംസാരം ഇല്ലാതെ എപ്പോഴും കണ്ടുകൊണ്ടിരുന്ന കച്ചവടക്കാരൻ “മുലയിൽ അന്തച്ച” .പ്രവാസികളും മറ്റും ഇടവേളകൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചു വരുമ്പോൾ ആദ്യം കാണുന്ന മുഖങ്ങൾ ഇവരായിരിക്കും. അളിയാ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന “തോണിക്കടവ് മുഹമ്മദ്ച്ചപള്ളംങ്കോട്,ആലൂർ മൊയ്തീൻച്ച,എരുതും കടവ് മഹമൂദ്ച്ച” കൗമാരം വിടരും മുമ്പ് അസ്തമിച്ചു പോയ “എ ബി ഹസൈനാർ മോൻ”..
വിരുന്നുകാരനായി വന്നു നാട്ടുകാരൻ ആയി മാറിയ സുന്നി യുവജന പ്രസ്ഥാനത്തിന്റെ പോരാളി ജെഡിയാർ ഉസ്താദ് ഇവരുടെയൊക്കെ സാന്നിധ്യം പെട്ടെന്ന് അസ്തമിച്ചപ്പോൾ കവലകൾ ശൂന്യമയി .
ജീവിതത്തിൽ നാം പല മുഖങ്ങൾ കാണുന്നു. പലരെയും ഓർമ്മകളിൽ നിന്നും മായാത്ത ബന്ധം നാം അറിയാതെ നമ്മുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ടാകും. പലരുടെയും വിടവ് നികത്താനാവാതെ ഒഴിഞ്ഞു കിടക്കും.പലപ്പോഴും നാം അതറിയുന്നത് അവരുടെ ‘അസാന്നിധ്യം’കൊണ്ട് മാത്രമാകുന്നത് കാലത്തിന്റെ സഞ്ചാരത്തിൽ നമ്മളും പെടുന്നു എന്നത് കൊണ്ട് മാത്രം.
ചെറിയ വർഷം കൊണ്ട് മരിച്ച കുറച്ചുപേരുടെ പേരുകൾ മാത്രമാണ് ഇവിടെ പരാമർശിച്ചത്, ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ മനപ്പൂർവ്വമല്ല, ഞാനുമായി ചെറിയ രീതിയിലെങ്കിലും ബന്ധമുള്ള കുറച്ചു പേരുടെ ഓർമ്മകൾ മാത്രമാണിവിടെ അയവിറക്കിയത്. മരണപ്പെട്ട് പോയ എല്ലാവർക്കും നമുക്കും അല്ലാഹു സ്വർഗ്ഗീയ പൂന്തോട്ടം നൽകി അനുഗ്രഹിക്കട്ടെ..ആമിൻ..!!