സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടിപിആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. ഒരാഴ്ചകൂടി നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ഇന്നു ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനമെടുത്തത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്. ടിപിആര്‍ 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. അതേസമയം, ചില മേഖലകള്‍ക്ക് ഇളവുണ്ടാകും. ആറിനുതാഴെയുള്ളയിടങ്ങളിലാണ് കൂടുതല്‍ ഇളവ് നല്‍കുന്നത്. കൂടുതല്‍ പ്രദേശങ്ങങ്ങളിലേക്ക് നിയന്ത്രണങ്ങള്‍ വരികയാണ്. നേരത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 24 ശതമനത്തിനു മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇനിമുതല്‍ 18 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. എട്ടുശതമാനത്തിനു താഴെയുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കൂടുതല്‍ ഇളവുകളുണ്ടായിരുന്നത്. അത് ആറു ശതമാനത്തിലേക്ക് മാറ്റി. ആറുമുതല്‍ പന്ത്രണ്ടുവരെ കുറച്ചുകൂടി നിയന്ത്രണങ്ങളുണ്ടാകും. കടുത്ത നിയന്ത്രണത്തിനു പകരം ഈ പ്രദേശങ്ങളില്‍ ചെറിയ ഇളവുകളുണ്ടാകും. പന്ത്രണ്ടിനും പതിനെട്ടിനുമിടയില്‍ പുതിയ ക്രമീകരണങ്ങളും നിലവില്‍ വരും. ഒന്നര മാസത്തോളം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്തതാണ് ആശങ്കയായി തുടരുന്നത്. ഇന്നലെ മാത്രമാണ് ടിപിആര്‍ പത്തു ശതമാനത്തിനു താഴെയെത്തിയത്.