കപ്പൽ സർവീസുകളില്ല: സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖല കനത്ത പ്രതിസന്ധിയിൽ . കെട്ടിക്കിടക്കുന്നത് കോടികളുടെ ഉത്പന്നങ്ങൾ
മട്ടാഞ്ചേരി: സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖലയിൽ കനത്ത പ്രതിസന്ധി. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും വേണ്ടത്ര കപ്പൽ സർവീസുകൾ ഇല്ലാത്തതാണ് കാരണം.
ഈ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഉത്പന്നങ്ങൾ വൻതോതിൽ സംസ്ഥാനത്തെ ഫാക്ടറികളിൽ കെട്ടിക്കിടക്കുകയാണ്.
കാപ്പി, കശുവണ്ടി, കയർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളാണ് കയറ്റി അയയ്ക്കാൻ കഴിയാതെ പോകുന്നത്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി അടുത്ത മാസം മുതൽ ശക്തമാകും. കപ്പൽ സർവീസ് ഇല്ലാത്തത് അവയ്ക്കും തിരിച്ചടിയാകും.
കൊച്ചിയിലേക്കു വരുന്ന കപ്പലുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കൂടുതൽ ചരക്ക് കയറ്റിപ്പോകുന്ന മേഖലയുമായി ബന്ധപ്പെടുത്തിയുള്ള കപ്പലുകൾ കാര്യമായി എത്തുന്നില്ല.
യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള കപ്പൽ സർവീസുകൾ കുറഞ്ഞതാണ് പ്രതിസന്ധിക്ക് പിന്നിൽ. ബഹുരാഷ്ട്ര കമ്പനികൾ മാത്രമാണ് ഈ മേഖലയിലുള്ളത്. അതുകൊണ്ട് വിദേശക്കമ്പനികൾ കനിയാതെ ഇത്തരം കപ്പൽ സർവീസുകൾ രാജ്യത്തെ തുറമുഖങ്ങളിലേക്ക് വരില്ല.