കേരളത്തില്‍ ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന പ്രചരണത്തിന് പിന്നില്‍ ബിജെപിയുടെ രഹസ്യ അജണ്ട.. കള്ളപ്പണ കോഴക്കേസുകള്‍ക്ക് തടയിടാനുള്ള തന്ത്രമെന്നും,കാസര്‍കോട്ട് വീണ്ടും ഭാഷാ സംഘര്‍ഷത്തിന് നീക്കമെന്ന്
ആശങ്ക സ്പെഷ്യൽ റിപ്പോർട്ട് :കെ.എസ്. ഗോപാലകൃഷ്ണൻ
കാസർകോട്: കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റുന്നത് നിര്‍ത്തിവെക്കണന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതിന് പിന്നിൽ കേരള -കർണാടക ബിജെപി നേതൃത്വത്തിന്റെ ഗൂഢ രാഷ്ട്രീയ അജണ്ടയാണെന്ന് പൊതു വിലയിരുത്തൽ . കേരള നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാഷ്ട്രീയ രംഗത്ത് ആളിക്കത്തുന്ന കള്ളപ്പണ-കോഴ ക്കേസുകളിൽ അകപ്പെട്ട് നാണംകെട്ട് ജനങ്ങളിൽ നിന്നും സ്വന്തം പാർട്ടി അണികളിൽ നിന്നും ഒറ്റപ്പെട്ട ബിജെപി യുടെ മേൽവിലാസം നിലനിർത്താൻ വേണ്ടിയാണ് കേരള സർക്കാർ സ്ഥല നാമങ്ങൾ മാറ്റിയെന്ന് വ്യാജ പ്രചരണം കൊഴുപ്പിക്കുന്നത്.പേര് മാറ്റല്‍ പ്രക്രിയ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നെന്നാരോപിച്ച് കര്‍ണാടകത്തില്‍ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തുകള്‍ അയച്ചതെന്നാണ് ബിജെപി ക്യാമ്പുകൾ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കന്നഡ ഭൂരിപക്ഷ പ്രദേശങ്ങളിൽ കേരള വിരുദ്ധ വികാരം ആളിക്കത്തിക്കുന്നത് . കന്നഡ, തുളു ഭാഷകളില്‍ പേരുകളുള്ള കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ ഗ്രാമങ്ങളുടെ സ്ഥലനാമമാണ് മാറ്റുന്നതെന്ന് യെദ്യൂരപ്പ കത്തില്‍ ആരോപിക്കുന്നത്.’ഇതില്‍ പല ഗ്രാമങ്ങളുടെ പേരുകള്‍ക്കും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. ഈ പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാരിന് പ്രത്യേക താത്പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതിന് പിന്നില്‍ ഈ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ ഏകപക്ഷീയമായ തീരുമാനമായിരിക്കാമെന്ന് ഞാന്‍ കരുതുന്നു’ യെദ്യൂരപ്പ ഇങ്ങനെയാണ് ഇല്ലാക്കഥ കത്തില്‍ അവതരിപ്പിക്കുന്നത്.
അതേ സമയം സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റം നിഷേധിച്ചു. കേരളത്തിന് അത്തരമൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് ഇന്ന് രാവിലെയും ബി എൻ സി യോട് പ്രതികരിച്ചു. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബുവും സംഭവം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും ഇത്തരമൊരു നീക്കം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഇത്തരമൊരു നീക്കം രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് കര്‍ണാടക പ്രചരിപ്പിക്കുന്നത് . സ്വന്തം സാംസ്കാരികവും ചരിത്രപരവുമായ മൂല്യങ്ങളുള്ള ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റുന്നത് ഉചിതമല്ല, കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി ചെയര്മാന് ഡോ. സി. സോമശേഖര്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസ്താവനയില്‍ പറഞ്ഞു.അതിനിടെ മഞ്ചേശ്വരം മേഖലയിൽ വിഷയം ആളിക്കത്തിക്കാൻ കർണാടകയുടെ ഒരു പ്രതിനിധി പ്രദേശത്തെ ഉൾനാടൻ ഗ്രാമങ്ങൾ സന്ദർശിച്ച് രഹസ്യ യോഗങ്ങളിൽ സംബന്ധിച്ച വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഐക്യ കേരളപ്പിറവിക്ക് ശേഷം ഭാഷയുടെ പേരിൽ നിരവധി സംഘർഷങ്ങളും പോലീസ് വെടിവെപ്പിൽ കലാശിച്ച സംഭവങ്ങളും അരങ്ങേറിയ പ്രദേശമാണ് കാസർകോട് മേഖല. എന്നാൽ ഇപ്പോൾ പതിറ്റാണ്ടുകളായി ഇവിടെ അത്തരം കുൽസിത നീക്കങ്ങൾ ഇവിടെ വിലപ്പോകുന്നില്ല. ഭാഷാ -വർഗീയ പ്രശ്നങ്ങളും പുതിയ തലമുറ മറന്നു കഴിഞ്ഞു. അതിനിടയിലാണ് നാട്ടിലെ ക്രമസമാധാനം തകർക്കാൻ ഗൂഢ ലക്ഷ്യങ്ങളുമായി കർണാടക ഭരണനേതൃത്വം തന്നെ രംഗത്തിറങ്ങിയത്. കേരളത്തിലെ ബിജെപി അകപ്പെട്ട കള്ളപ്പണ -കോഴ ക്കേസുകൾ മിക്കതും കർണാടകയിലേക്ക് നീണ്ടുകിടക്കുന്നതാണ്. ബിജെപിക്ക് തലവേദനയായി മാറിയ ഈ പ്രശ്നം പാർട്ടി ഫോറങ്ങളിൽ അണികളും പ്രാദേശിക നേതാക്കളും ചോദ്യം ചെയ്തുതുടങ്ങി. ഇതിൽ നിന്ന് തലയൂരാൻ ബിജെപിയുടെ കേരള -കർണാടക നേതാക്കളിൽ ചിലർ കണ്ടുപിടിച്ച ഉപായമാണ് സ്ഥലങ്ങളുടെ പേരുമാറ്റ മുദ്രാവാക്യം. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ഇത് ക്ലച്ച്
പിടിക്കുമെന്നാണ് ചില ബിജെപി നേതാക്കളുടെ വിശ്വാസം.ഭാഷാ വികാരം വർഗീയതയിലേക്ക് നീക്കാനുള്ള സാധ്യതയും
ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.