ഇൻസ്റ്റഗ്രാമിൽ സെന്റ് ആൽബർട്ട്സ് കോളേജിലെ ചെത്തു പയ്യൻ, 16 കാരിയുടെ ആത്മഹത്യ അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് 45 കാരന്റെ ക്രൂരതകൾ
പട്ടാമ്പി: ചാലിശേരിയിൽ 16കാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കളമശ്ശേരി പൂജാരിവളവ് കൈപ്പടിയിൽ വീട്ടിൽ ദിലീപ് കുമാറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ വഴി സൗഹൃദത്തിലായ ഇയാൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.തനിക്ക് 22 വയസാണെന്നും സെന്റ് ആൽബർട്ട്സ് കോളേജ് വിദ്യാർത്ഥിയാണെന്നും ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഇതിന് ബന്ധുവായ 24കാരന്റെ ഫോട്ടോയാണ് ഇയാൾ ഉപയോഗിച്ചത്. മാതാപിതാക്കൾ ബാങ്ക് ഓഫീസർമാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു. അമ്മയാണെന്ന വ്യാജേന കൂട്ടുകാരിയെക്കൊണ്ട് പെൺകുട്ടിയെ വിളിച്ച് സംസാരിപ്പിച്ചു. തുടർന്നാണ് കുട്ടിയുടെ നഗ്നചിത്രങ്ങൾ ഇയാൾ കൈക്കലാക്കിയത്.ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡുകളാണ് ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചത്. പ്രതി മുഖം പ്രദർശിപ്പിക്കാതെ മറ്റൊരു സ്ത്രീയുമായി ഇതേ രീതിയിൽ വർഷങ്ങളോളം സമൂഹമാദ്ധ്യമം വഴി ബന്ധം സ്ഥാപിച്ചിരുന്നു. പട്ടാമ്പി മുൻസിഫ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു