കാസർകോട് : നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന പേരിലുള്ള 90 ദിന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 25 ന് രാവിലെ 11ന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വ്വഹിക്കും.
സംസ്ഥാനത്ത് മദ്യവര്ജത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂര്‍ണമായി ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടും രൂപീകരിച്ച ലഹരി വര്‍ജന മിഷന് വിമുക്തിയുടെ ആഭിമുഖ്യത്തിലാണ് ജനുവരി 30 വരെ 90 ദിവസം വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, റസിഡന്റ് അസോസിയേഷനുകള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന്, അസി.എക്സൈസ് കമ്മീഷണര്‍ വിനോദ് വി നായര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. മധുസൂദനന് ,ഡെപ്യൂട്ടി കളക്ടര്‍ പി ആര് രാധിക, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരികാക്ഷ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള തുളു അക്കാദമി വെബ്സൈറ്റ് ആരംഭിച്ചു
കേരള തുളു അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര് രാധിക ലോഞ്ച് ചെയ്തു.കേരള തുളു അക്കാദമി ചെയര്മാന് ഉമേഷ് സാലിയാന്‍ അധ്യക്ഷനായി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, തുളുഅക്കാദമി സെക്രട്ടറി വിജയ കുമാര്‍ പാവല എന്നിവര്‍ സംസാരിച്ചു.