ഡെൽറ്റ പ്ലസ് ; ആശങ്ക ഒഴിയാതെ കേരളം
തിരുവനന്തപുരം: ഡെൽറ്റ പ്ലസ് വൈറസ് സംസ്ഥാനത്ത് കൂടുതൽ അപകടകരമാകുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടയിൽ ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകുമോ എന്നതും ആശങ്ക ഉയർത്തുന്നുണ്ട്.
ടിപിആർ അഞ്ചു ശതമാനത്തിൽ ആയാൽ മാത്രമേ ആശ്വസിക്കാവുന്ന നിലയിലേക്ക് സംസ്ഥാനം മാറുകയുള്ളൂ. കേരളത്തിൽ ഡെൽറ്റ പ്ലസ് വൈറസ് എവിടെ നിന്ന് എത്തിയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഡെൽറ്റ വൈറസിൽ സംഭവിച്ചിട്ടുള്ള കെ 417 എൻ (കെ417എൻ) എന്ന ജനിതക മാറ്റമാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന് കാരണമായിട്ടുള്ളതെന്നു സംസ്ഥാന സർക്കാരിന്റെ കോവിഡ് വിദഗ്ധസമിതി ചെയർമാൻ ഡോ.ബി.ഇക്ബാൽ പറഞ്ഞു.
എന്നാൽ കേരളത്തിൽ മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് കാരണമാകില്ലെന്നാണ് ഇതുവരെയുള്ള നിരീക്ഷണങ്ങളിൽ നിന്നു വ്യക്തമാകുന്നത്.ഡെൽറ്റ പ്ലസിന്റെ വ്യാപനശേഷി എത്രയെന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ ലോകമാകെ ശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.