പുതിയ പൊലീസ് മേധാവിയെ നാളെ അറിയാം, നിലവില്‍ സാധ്യത അനില്‍കാന്തിന്
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. മൂന്ന് പേരുടെ പട്ടികയില്‍ നിന്നും അനില്‍കാന്തിനെ നിയമിക്കാനാണ് സാധ്യത. പുതിയ വനിതാ കമ്മീഷന് അധ്യക്ഷയെ വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിക്കും. സൂസന് കോടിക്കാണ് നിലവില്‍ സാധ്യത
സുധേഷ് കുമാര്‍, അനില്‍കാന്ത്, ബി സന്ധ്യ. യുപിഎസ്സി സംസ്ഥാന സര്‍ക്കാരിന് അയച്ച മൂന്നുപേരുടെ പട്ടികയില്‍ ഒടുവില്‍ കിട്ടുന്ന വിവരം അനുസരിച്ച് മുന്‍ഗണന അനില്‍കാന്തിന്റെ പേരിന്. ആദ്യത്തെ വനിതാ പൊലീസ് മേധാവിയെന്ന നിലയില്‍ സന്ധ്യ എത്തുമെന്നായിരുന്നു നേരത്തെയുയര്‍ന്ന സൂചന. പക്ഷെ സര്‍ക്കാര്‍ ഇപ്പോള്‍ സജീവമായി പരിഗണിക്കുന്നത് റോഡ് സേഫ്റ്റി കമ്മീഷണര്‍ തസ്തികയില്‍ ഉള്ള അനില്‍കാന്തിനെ.
ദാസ്യപ്പണി വിവാദത്തില്‍ പെട്ടതാണ് സുദേഷിന്റെ സാധ്യതയ്ക്ക് മങ്ങലേല്പിച്ചത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുത്ത് ഉടന്‍ ഉത്തരവിറക്കും. വൈകീട്ട് ബെഹ്റയില്‍ നിന്നും ബാറ്റണ്‍ ഏറ്റുവാങ്ങി പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കും.
ഡിജിപിക്കൊപ്പം കാത്തിരിക്കുന്ന മറ്റൊരു നിയമനം ജോസഫൈന് പകരം വരുന്ന വനിതാ കമ്മീഷന് അധ്യക്ഷ ആരെന്നതാണ്. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡണ്ടുമായ സൂസന് കോടിയുടെ പേരിനാണ് പരിഗണന. സി എം സുജാത, ടി എന്‍ സീമ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.