പെരിയ ഇരട്ടക്കൊലക്കേസിൽ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ ചോദ്യം ചെയ്യാനൊരുങ്ങി സി.ബി.ഐ
കാസര്‍കോട് : ഏറെ വിവാദമായ പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ സിബിഐ ചോദ്യം ചെയ്യും. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണു നീക്കം. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണു കുഞ്ഞിരാമന്.
സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയെയും കെ.വി.ഭാസ്കരനെയും ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കുഞ്ഞിരാമനെ കൂടി ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചത്.
കൊലപാതകത്തിനു പിന്നാലെ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസില്‍നിന്നു മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍ കെ.വി.കുഞ്ഞിരാമന് കൂടിയുണ്ടായിരുന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണു സിബിഐയുടെ നീക്കം. കൊലപാതകം നടന്ന രാത്രി സിപിഎം ശക്തികേന്ദ്രമായ പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്തു നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോര്‍ജിന്റെ വാഹനമായിരുന്നു ഇത്.
പിറ്റേന്ന് ഇവിടെനിന്ന് ഈ വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണു സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പൊലീസ് വാഹനത്തില്‍നിന്നു സജി ജോര്‍ജിനെ മുന്‍ എംഎല്‍എയും സംഘവും ബലമായി മോചിപ്പിക്കുകയായിരുന്നു. കെ.വി.കുഞ്ഞിരാമന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിന്റെ അടിസ്ഥാനത്തിലാകും കൂടുതല്‍ നേതാക്കളെ ചോദ്യംചെയ്യണോ എന്നു തീരുമാനിക്കുക.