അൻപതാണ്ടിന്റെ സ്ഥാനിക തിളക്കത്തിൽ അമ്മാവന് ബാലു സമർപ്പിച്ചത് ആയത്താരുടെ തനിരൂപ ഛായചിത്രം
പാലക്കുന്ന് : കപ്പണക്കാൽ തറവാട് തിരുമുറ്റം അപൂർവമായൊരു ആദരിക്കൽ ചടങ്ങിന് സാക്ഷ്യമായി.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മൂത്ത ഭഗവതിയുടെ നർത്തകനായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെ ഉദുമയിലെ അറിയപ്പെടുന്ന കലാകാരനും അദ്ദേഹത്തിന്റെ മരുമകനുമായ ബാലു ഉമേഷ് നഗർ ആദരിച്ചത് ഏറെ ശ്രദ്ധേയമായി . അതേ വേദിയിൽ കലാകാരനായ മരുമകനെ പൊന്നാട അണിയിച്ച് ആയത്താരും ആദരിച്ചു. തെയ്യംകെട്ടുത്സവങ്ങൾക്ക് കമാനങ്ങളും തിരുമുൽകാഴ്ചകൾക്ക് ടാബ്ലോയും ഉണ്ടാക്കി പ്രശസ്തനായ നാട്ടുകാരുടെ കലാകാരന് 2017 ൽ തൃശുരിൽ നന്മ കൂട്ടായ്മ സംഘടിപ്പിച്ച
ചിത്ര പ്രദർശത്തിൽ എം.ടി. വാസുദേവൻ നായരിൽ നിന്ന് പുരസ്കാരം കിട്ടിയത് ഏറ്റവും വലിയ അംഗീകരമായി കരുതുന്നു. പൊന്നാടയും പുരസ്കാരവും പണക്കിഴിയും നൽകി അമ്മാവനെ നാടുമുഴുവൻ ആദരിച്ചപ്പോൾ മരുമകൻ അദ്ദേഹത്തെ ആദരിച്ചത് സ്വന്തമായി വരച്ച അദ്ദേഹത്തിന്റെ പ്രതിരൂപ ഛായചിത്രം സമർപ്പിച്ചാണ്. തറവാട്ടിൽ ഏവരും ശ്രദ്ധിക്കപ്പെടുന്നിടത്ത് സ്ഥാനം പിടിച്ച ഫ്രയ്മിട്ട ചിത്രം കാണാൻ നിരവധി പേർ തറവാട്ടിലെത്തി.
തറവാട്ടിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പ്രസിഡന്റ് നാരായണൻ എരോൽ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ, പുരുഷു, രവീന്ദ്രൻ കൊക്കാൽ, ബാലകൃഷ്ണൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, രവി, അനിൽ കപ്പണക്കാൽ എന്നിവർ സംബന്ധിച്ചു.