കാസർകോട്: അറുപതാമത് കേരള സ്കൂള്‍ കലോത്സവം കാഞ്ഞങ്ങാട് കൊടിയേറുമ്പോള്‍, അലാമിപ്പള്ളി പരിസരം നാടിന്റെ തനതുകലകളായ മങ്ങലംകളിയുടേയും അലാമിക്കളിയുടേയും ചുവടുകള്‍ കൊണ്ട് ഉത്സവ ലഹരിയിലേക്ക് നടന്ന് കയറും. കലോത്സവത്തില്‍ ഇനങ്ങള്‍ അല്ലെന്നിരിക്കിലും കാസര്‍കോടിന്റെ സാംസ്കാരിക ഭൂപടത്തില്‍ ഈ കലകള്‍ക്കുള്ള സ്ഥാനം തന്നെയാണ് സാംസ്കാരിക സന്ധ്യയില്‍ ആസ്വാദകര്‍ക്കായി ഇവ അവതരിപ്പിക്കാന്‍ സംഘാടകരേയും പ്രേരിപ്പിക്കുന്നത്.
തുടിതാളത്തിനൊപ്പം ചുവടുവെയ്ക്കുന്ന മങ്ങലം കളി
കാസര്‍കോടിന്റെ കിഴക്കന്‍ മേഖലകളിലെ മാവിലന്, മലവേട്ടുവന്‍ സമുദായങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു സംഗീത- നൃത്തരൂപമാണ് മങ്ങലംകളി.ഈ വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളില്‍ കാണുന്ന സവിശേഷതയാര്‍ന്ന ഒരു കലാരൂപമാണിത്. മലവേട്ടുവരും മാവിലരും പാടുന്ന പാട്ടുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെന്നിരിക്കിലും അവതരണത്തില്‍ മൗലികമായ വ്യത്യാസം കാണാന്‍ കഴിയില്ല. പാട്ടിന്റേയും തുടിയുടേയും താളത്തിനൊത്ത് സ്ത്രീ പുരുഷന്മാര് നൃത്തം ചവിട്ടും.
പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയില്‍ ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോല് ചേര്‍ത്ത് കെട്ടിയാണ് തുടി നിര്‍മ്മിക്കുന്നത്. ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെതന്നെ തുടിയിലുമുണ്ട്. ചെറുതും വലുതുമായ തുടികളുടെ ശബ്ദത്തില്‍ നല്ല വ്യത്യാസമുണ്ടാകും. മങ്ങലംകളിയില്‍ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്.
കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുക. കാരണവന്മാരും മൂപ്പന്മാരും സദസ്സില്‍ വന്നിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമായി മുപ്പതോളം സ്ത്രീ -പുരുഷന്മാര് നൃത്തം ചവിട്ടുന്ന രീതിയാണ് മങ്ങലം കളിയുടേത്. പുരുഷന്മാര് മാത്രമാണ് വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രാത്രിയില്‍ ആരംഭിച്ച കളി പുലര്‍ച്ച വരെ തുടരും.
മങ്ങലംകളിയില്‍ പാടുന്ന പാട്ടുകളില്‍ കല്യാണചടങ്ങുകളെക്കുറിച്ച് പ്രത്യകിച്ച് പ്രതിപാദിച്ചുകാണാറില്ല. മനുഷ്യജീവിതത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് പല പാട്ടുകളിലും കാണുന്നത്. മിക്ക പാട്ടുകള്‍ക്കും അതിന്റേതായ ഈണവും ഉണ്ടാകും. ഒരു പാട്ടില്‍ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുമ്പോള്‍ താളം മാറ്റാനുള്ള അസാധാരണമായ കഴിവ് തുടി ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാകും. ഓരോ പാട്ടിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്. വൈവിധ്യമാര്‍ന്ന ആശയമുള്‍ക്കൊള്ളുന്ന പാട്ടുകള്‍ തുളുവിലും മലയാളത്തിലുമാണുള്ളത്. ഈ കലയെ ജനകീയമാക്കിയതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വമാണ് പരപ്പ പുലിയംകുളം സ്വദേശിനിയായ കാരിച്ചിയമ്മ.