സി പി എം പുറത്താക്കിയ സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും.. അന്വേഷണം സഹ:ബാങ്കുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ച്
കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി പി എം പുറത്താക്കിയ സി സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്തേക്കും. സി പി എം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്. കടത്തിയ സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതുസംബന്ധിച്ച അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.കണ്ണൂർ ജില്ല വിട്ട് പോകരുതെന്ന് സജേഷിന് കസ്റ്റംസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത ശേഷം അതിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ കൂടി ചേർത്തായിരിക്കും സജീഷിനെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിക്ക് കാർ എടുത്തു നൽകിയത് സജേഷാണ്. ഇത് കണ്ടെത്തിയതോടെയാണ് സജേഷിനെ പാർട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കിയത്.സ്വർണം കടത്താൻ അർജുൻ ആയങ്കി കരിപ്പൂരിലേക്ക് കൊണ്ടുപോയ കാർ സി പി എം അംഗം സജേഷിന്റേതാണെന്നത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദേശ പ്രകാരം ചെമ്പിലോട് ലോക്കൽ കമ്മറ്റിയാണ് സജേഷിനെ ഒരു വർഷത്തേക്ക് സസ്പെന്‍ഡ് ചെയതത്. കടത്തി കൊണ്ടുവരുന്ന സ്വര്‍ണം വിവധ സര്‍വീസ് സഹകരണ ബാങ്കുകളിലെ ജീവനക്കാരെ സ്വാധീനിച്ച് ക്രയവിക്രയം ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിലും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്