മുസ്ലിം ലീഗ് അധികാരത്തില്‍ വരുമെന്നു പറഞ്ഞ് കരാറുകാരിൽ നിന്ന് പിരിച്ചത് ലക്ഷങ്ങൾ
വിവിധ ബോര്‍ഡ്, കോര്‍പറേഷനുകളിലും മന്ത്രിമാരുടെ സ്റ്റാഫിലും പദവികൾ നൽകാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി.തിരഞ്ഞെടുപ്പു ഫണ്ടിന്റെ കണക്കു ചോദിച്ച അംഗങ്ങളെ ജന. സെക്രട്ടറി വെല്ലു വിളിച്ചു കൈയ്യേറ്റത്തിനു മുതിർന്നു. വാർത്ത പുറത്തുവിട്ട് സിറാജ് ദിനപത്രം
കോഴിക്കോട് : തെക്കൻ ജില്ലകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ നിരവധി ഫണ്ട് തിരിമറികൾ നടന്നതായി ആരോപണമുന്നയിച്ചു അംഗങ്ങൾ രംഗത്ത് വന്നതായി സിറാജ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ നിയമനങ്ങൾ പോലും വിൽപ്പനക്ക് വെച്ചതായാണ് വാർത്തയിൽ പ്രതിപാദിക്കുന്നത്
സിറാജ് ദിനപത്രത്തിൽ പൂർണ്ണ റിപ്പോർട്ട് ഇങ്ങനെ…
യു ഡി എഫിനു ഭരണം കിട്ടും എന്നു പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് വന്‍ തോതില്‍ പണപ്പിരിവു നടത്തിയത് മുസ്ലിം ലീഗില്‍ കൈയ്യാങ്കളിയിലേക്കു നീങ്ങുന്നു. തെക്കന്‍ ജില്ലകളില്‍ ആകെ ലീഗ് മത്സരിച്ച കൊല്ലം ജില്ലയിലെ പുനലൂര്‍ സീറ്റിലെ പ്രചാരണത്തിനു വേണ്ടി അഞ്ചു തെക്കന്‍ ജില്ലകളില്‍ നിന്നായി സമാഹരിച്ച കോടികളുടെ പേരിലാണ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത്.
സംസ്ഥാന കമ്മിറ്റി പ്രചാരണത്തിനായി 80 ലക്ഷം രൂപ മണ്ഡലത്തിലേക്കു നല്‍കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിക്കാണ് ഈ പണം കൈമാറിയത്. ഇതിനു പുറമെയാണ് അഞ്ചു ജില്ലകളില്‍ നിന്നു വ്യാപകമായി പണം സമാഹരിച്ചത്.
10 മുതല്‍ 15 ലക്ഷം വരെ ഓരോ ജില്ലാ കമ്മിറ്റികള്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനു പുറമെ മുസ്ലിം ലീഗ് അധികാരത്തില്‍ വരുമെന്നു പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരില്‍ നിന്നു വന്‍ തുകകള്‍ പിരിച്ചു. വിവിധ ബോര്‍ഡ്, കോര്പറേഷന് പദവികള്‍ നല്‍കാമെന്നും മന്ത്രിമാരുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താമെന്നും വാഗ്ദാനം ചെയ്തുവരെ പലരില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചിട്ടുണ്ടെന്നാണ് ആരോപണം.
യു ഡി എഫ് ഭരണത്തില്‍ തിരിച്ചെത്താതായതോടെയാണ് വലിയ തുക തിരഞ്ഞെടുപ്പു ഫണ്ടിലേക്കു നല്കിയ പലരും പരസ്യമായി രംഗത്തുവന്നത്. ഇതോടെ തിരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്ത മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജന. സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാമിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം തുടങ്ങി. ആലപ്പുഴ, പത്തനം തിട്ട, തിരുവനന്തപുരം ജില്ലകളിലും പ്രവര്‍ത്തകര്‍ ഇളകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊല്ലം ജില്ലാ പ്രവര്‍ത്തക സമിതിയില്‍ തിരഞ്ഞെടുപ്പു ഫണ്ടിന്റെ കണക്കു ചോദിച്ച് 21 അംഗങ്ങളില്‍ 18 പേരും രംഗത്തുവന്നതോടെ ജന. സെക്രട്ടറി അംഗങ്ങളെ വെല്ലു വിളിക്കുകയും കൈയ്യേറ്റത്തിനു മുതിരുകയും ചെയ്തതായാണ് ആരോപണം.
ലീഗിനെ ഇപ്പോള്‍ നയിക്കുന്ന ഉന്നതാധികാര സമിതിക്ക് ഓരോ ജില്ലയിലും നോമിനിമാരുണ്ടെന്നും അവരാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ജില്ലാ പ്രസിഡന്റ് എം അന്സാറുദ്ധീനെ നോക്കുകുത്തിയാക്കി ഉന്നതാധികാര സമിതിയുടെ നോമിനി സുല്‍ഫിക്കര്‍ സലാം മാത്രമാണ് പണം കൈകാര്യം ചെയ്തത് എന്നാണ് അണികള്‍ പറയുന്നത്. മുന്‍ ജില്ലാ പ്രസിഡന്റ് എ യൂനുസ് കുഞ്ഞും യോഗത്തില്‍ പങ്കെടുത്തിരുന്നു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ സുല്‍ഫിക്കര്‍ സലാമിനെ ലീഗിന്റെ ജില്ലാ ജന.സെക്രട്ടറി എന്ന ഇരട്ടപ്പദവിയില്‍ നിയമിച്ചതു തന്നെ പാര്‍ട്ടിയിലെ സംഘടനാ രീതിക്കു വിരുദ്ധമായിട്ടായിരുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു.
പാര്‍ട്ടിയിലെ ജനാധിപത്യം അട്ടിമറിക്കുന്ന ഉന്നതാധികാര സമിതിയും അവരുടെ നോമിനികളും എല്ലാ ജില്ലകളിലും പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നു കാണിച്ച് പരാതി വ്യാപകമാണ്. പലവട്ടം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് പലരും കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നത്. കൊല്ലത്ത് നിരവധി ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വിട്ട് ആര് എസ് പി (എല്‍)യില്‍ ചേര്‍ന്ന് ഇടതുപക്ഷത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന കോഴിക്കോട് കൊടുവള്ളിയിലെ പ്രാദേശിക ലീഗ് നേതാവും യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗവുമായ മജീദ് കോഴിശ്ശേരിയും സമാനമായ ആരോപണമാണ് ഉന്നയിക്കുന്നത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി പല ലീഗ് നേതാക്കള്‍ക്കും സാമ്ബത്തിക ബന്ധമുണ്ടെന്ന ആരോപണമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. പരസ്യമായി ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ തനിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്നും പാര്‍ട്ടി പുറത്താക്കിയതായി അറിയിപ്പു ലഭിച്ചാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളിലേക്കു കടക്കുമെന്നും മജീദ് പറയുന്നു.